ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2015, ജനുവരി 8, വ്യാഴാഴ്‌ച

നീതിയുടെ തുലാസ്സ്...


കേസുവിസ്താരം കഴിഞ്ഞ്
കോടതി പിരിയവേ...
സാക്ഷിക്കൂട്ടിന്നരികിലായ്
കണ്ണുമൂടിക്കെട്ടി നിന്നൊരു
പെണ്ണുടല്‍ പ്രതിമ
ഒന്നു വിതുമ്പി...
വയ്യെനിക്കിനിയുമീ
തുലാസുമേന്തി നില്ക്കുവാന്‍
കൈയുകുഴഞ്ഞു പോകുന്നു
എന്നേ സമതുലനത
തെറ്റിയതാണതിന്‍ തട്ടുകള്‍
പൊങ്ങിയും താഴ്ന്നും
ഇളകിയാടുന്നു........
ഏതോ വന്യമാം മുരള്‍ച്ചയോടെ

വല്ലാതെ തുരുമ്പിച്ച് പോയതിന്‍
ദിശാ സൂചിയും......
എന്നാലുമാരുമറിയാതെ
വേദന തിന്നു ഞാനെന്‍
ചുണ്ടാണിവിരലാ ദിശാസൂചിയില്‍
ചേര്‍ത്തുവെച്ചത്
ചുമ്മാതെയിളകിയാടാതെ
നോക്കുമായിരുന്നെന്നും
വയ്യ കുഴഞ്ഞു പോകുന്നു...

കണ്ണീച്ചപോലതില്‍ വന്നു
പൊതിയും
ഈര്‍ച്ച തുരുമ്പിന്‍റെ
മൂര്‍ച്ചയേറ്റിട്ടെന്‍റെ
കയ്യിലും ചോര പൊടിയുന്നു
എല്ലാരും പിരിയുമ്പോള്‍
പിന്നാമ്പുറത്തേതോ
അന്യമാം കോണില്‍ നിന്ന്
എന്തോ ചീഞ്ഞട്ടുനാറുന്നതിന്
അസഹ്യമാം ഗന്ധവും
വന്നുനിറയുന്നീമുറി നിറയെ
വയ്യ സഹിക്കുവാന്‍....
ഉള്ളില്‍ കുരുങ്ങിവലിയുന്നുണ്ടെന്തോ
പുറത്തേക്കു തള്ളുവാന്‍
വയ്യ കഴിയുന്നില്ലല്ലോ..

എന്തിനാണ് നിങ്ങളെന്നെ
കണ്ണുകെട്ടി നിര്‍ത്തിയിരിക്കുന്നത്
ഒന്നും കാണാതിരിക്കുവാന്
വേണ്ടിയോ....?
എന്തിനാണീ തുലാസെന്‍റെ
കൈയില്‍ നല്കിയിരിക്കുന്നത്
നിങ്ങള്‍ക്കു നേരേ
വിരല് ചൂണ്ടുവാതിരിക്കുവാനോ...?

ഒന്നുമാത്രമറിയാം
കണ്ണുമടച്ചുറക്കം നടിച്ച്
കൊന്നുതള്ളുവാന്‍ നിങ്ങള്‍
കൂട്ടുനിന്ന നീതിതന്‍
വെള്ളരിപ്രാവുകള്‍
എങ്ങോചിറകടിക്കുന്നുണ്ടിപ്പോഴും
അല്പ പ്രാണനുമായ്....!!