ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

കല്ലു കൊത്തുവാനുണ്ടോ...?

കല്ലു കൊത്തുവാനുണ്ടോ.....?
കല്ലു കൊത്തുവാനുണ്ടോ....?
കല്ലപ്പണിക്കത്തി വിളിച്ചു ചോദിച്ചുകൊണ്ട്
പോയിരുന്നീ വഴിയേ.....
ഒച്ച കലമ്പിച്ചു പോയിരുന്നെങ്കിലും
ആ ശബ്ദം ദിക്കുകള്‍ തട്ടി
പ്രതി ധ്വനിച്ചൂ.....!

 വീടിന്നുമ്മറ ചാരുപടിയില്‍
ഏതോ ഗൂഡസ്മൃതികളെ ആശ്ലേഷിച്ച്
ഞാന്‍ പാതി മയക്കത്തിലാണ്ടു
കിടക്കുകയായിരുന്നു....
ഭൂതകാലത്തില്‍ നിന്നുള്ളോരുള്‍വിളി
പോലതന്‍ ഉള്ളിലും
വന്നു പ്രതിധ്വനിച്ചു....!

തെല്ലൊന്നമ്പരന്ന് ഞാന്‍ ചാടിയെഴുന്നേറ്റു
ചുറ്റുമതിലുകള്‍ക്കിടയിലൂടെ ചിലര്‍
വഴിവരമ്പിലേക്കൊന്നെത്തി നോക്കി
തല പെട്ടന്നു തന്നെ പിന്‍വലിച്ചൂ...
എന്തോ അത്ഭുതം കേട്ടപോല
കുട്ടികളും പമ്മി പതുങ്ങി
 എന്നെ ചുറ്റിവരിയാനുളള
ചോദ്യ ചിഹ്നങ്ങളായി പിന്നിലൊളിച്ചു...

കല്ലു കൊത്തുവാനുണ്ടോ..?
കല്ലു കൊത്തുവാനുണ്ടോ....?
കൊല്ലപ്പണിക്കത്തി വിളിച്ചു ചോദിക്കുന്നു
ഇല്ല കൊത്തുവാനില്ലക്കല്ലുകള്‍...
എന്നേ വിസ്മൃതിയിലാണ്ടു പോയി
കൊല്ലപ്പണിക്കത്തീ നിങ്ങളെപ്പോലെ....!!

എന്തത്ഭുതം പണ്ടു ഞാന്‍ വള്ളിനിക്കറുമിട്ട്
തുള്ളിച്ചാടി നടക്കുന്ന കാലത്ത്....
വള്ളിച്ചെടിപ്പടര്‍പ്പുകള്‍ പടര്‍ന്നോരിടവഴിയിലൂടെ
തൊള്ളതുറന്ന് വിളിച്ചു കൂവി പറഞ്ഞുകൊണ്ട്
പോയതേ രൂപം......!
ഇതാ വീണ്ടും മുന്നിലൂടെപ്പോകുന്നു....
ഇത്തിരി കൂടി കുനിഞ്ഞെന്നു മാത്രം....
എന്നേ ചത്ത് മണ്ണടിഞ്ഞിട്ടുണ്ടാകുമെന്നാണല്ലോ
കരുതിയിരുന്നത്..?.

ഏതോ പൂര്‍വ്വ സ്മൃതികള്‍തന്‍
ഊടുവഴിയിലൂടെ ഞാനോടി നടക്കവേ....
അടച്ചിട്ട ഗേറ്റിന്‍ അഴികളില്‍ പിടിച്ച്
അകത്തേക്കു നോക്കിയാ പടുവൃദ്ധ
വിളിച്ചു ചോദിക്കുന്നു...
കല്ലു കൊത്തുവാനുണ്ടോ....?
കല്ലു കൊത്തുവാനുണ്ടോ...?
ശുഷ്കിച്ചുണങ്ങിപ്പോയിരുന്നെങ്കിലുമാ
കൈകളില്‍ കൊത്തുളിപ്പാടുകള്‍
തെളിഞ്ഞു കണ്ടൂ....

ഇല്ല കൊത്തുവാനില്ല കല്ലുകള്‍.....
ഞാന്‍ വെട്ടി മുറിച്ചു പറയുന്നു...
വക്കുകള്‍ പൊട്ടിയടര്‍ന്നത്
വീട്ടു പുറം കോണിലെവിടെയോ
കിടപ്പുണ്ടായിരുന്നല്ലോ.....?

വൃദ്ധ പോകുവാനൊട്ടും കൂട്ടാക്കുന്നില്ല
പൂര്‍വ്വകാലത്തിന്നേതോ സ്മൃതികള്‍ പോലെ ..
നിശ്ചലമായൊരാ കണ്ണുകള്‍ നിന്നു
തിളങ്ങുന്നൂ.....
പെട്ടന്നു ഞാന‍െന്നിലേക്കുള്‍വലിയവേ
വൃദ്ധതന്‍ ചിലമ്പിച്ച സ്വരം
വീണ്ടും മുഴങ്ങുന്നു.....
ഇത്തിരി കഞ്ഞിവെള്ളം തരുമോ
കുടിക്കുവാന്‍ .....ഉപ്പുമിട്ട്.......
കല്ലച്ചെറുക്കനുമവന്റെ കല്ലത്തിയും
എന്നെയൊറ്റക്കിട്ടിട്ടെങ്ങാണ്ട്
പോയിട്ടിന്ന് രണ്ടുമൂന്നായി....

എന്തോ പറയുവാനായി ഞാന്‍
ചുണ്ടൊന്നനക്കവേ.......
ഉള്ളില്‍ നിന്നാ പെണ്‍കല്പന
വീണ്ടും മുഴങ്ങുന്നൂ...
"വല്ലതും കൊടുത്ത്
പെട്ടന്ന് ശല്യമൊഴിവാക്കാന്‍ നോക്ക്.."
ചില്ലറ നാണയത്തുട്ടുകള്‍ക്കായി ഞാന്‍
കീശ തപ്പി നോക്കവേ
കൊത്തുളി പോലുള്ളൊരാ
നോട്ടം വന്നെന്റെ ഹൃത്തിലുടക്കി വലിക്കുന്നൂ..!

കല്ലു കൊത്തുവാനുണ്ടോ....
കല്ലു കൊത്തുവാനുണ്ടോ..
കൊത്തുവാനുണ്ട് ചില കല്ലുകള്‍
മനുഷ്യ ഹൃദയങ്ങളിലാണത്
ആഴത്തിലാണ്ടു കിടപ്പൂ....!!






24 അഭിപ്രായങ്ങൾ:

  1. വീണ്ടുമൊരു ശില്പിയുടെ ശില്പം കൊത്തിവച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിനന്ദനത്തിന് നന്ദി അനീഷ്...ചില കവിതകള്‍ വെളിപാടുപോലെയാണ്...ചെലപ്പോള്‍ പെട്ടൊന്നൊരുള്‍ വിളി തോന്നും...മിക്കപ്പോഴും പുലര്‍ച്ചെ എഴുനേല്‍ക്കാന്‍ മടി പിടിച്ച് കിടക്കുമ്പോഴായിരിക്കും..ഒരുവരി..അല്ലങ്കില്‍ ഒരു വാക്ക് അതങ്ങനെ മനസ്സില്‍ കിടന്ന് അലയടിച്ചു കൊണ്ടിരിക്കും...

      ഇല്ലാതാക്കൂ
  2. മറുപടികൾ
    1. വായനയ്ക്കും അഭിപ്രായത്തിനും ഹൃദയംഗമമായ നന്ദി...മുഹമ്മദ് മാഷ്...

      ഇല്ലാതാക്കൂ
  3. അങ്ങനെ വിസ്മൃതിയിലായ എത്രയോ ജന്മങ്ങള്‍; സംഭവങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  4. വംശനാശം വന്നുപോയ ചില തൊഴിലുകളും മനുഷ്യരും
    അരകല്ല്, ആട്ടുകല്ല്, ഉരല്‍, ചവിട്ടുപടികള്‍....ഒക്കെയങ്ങനെ കിടക്കുന്നു
    ഭൂതകാലത്തിലെ ചില ഓര്‍മ്മകളും പേറി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്മാരക ശിലകള്‍ പോലെ അരകല്ലും ആട്ടുകല്ലുമൊക്കെ വീടിന്റെ പിന്നാമ്പുറത്ത് ഇപ്പോഴുമുണ്ട്...പക്ഷെ കല്ലത്തിമാര്‍ അവര്‍ വംശനാശം സംഭവിച്ചു കഴിഞ്ഞു...അഭിപ്രായത്തിന് നന്ദി അജിത് സാര്‍

      ഇല്ലാതാക്കൂ
  5. ''കല്ല്‌ കൊത്തുവാനുണ്ടോ കല്ല്‌''
    വരും തലമുറയ്ക്ക് തികച്ചും പരിചിതമല്ലാത്തതാവും ഇത്.
    ഈ കല്ലിലും കവിതാശില്പ്പം!
    ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആ ശബ്ദം എന്റേയും താങ്കളുടേയുമൊക്കെ സ്മൃതികളില്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്....പുത്തന്‍ തലമുറയ്ക്ക് ഓര്‍ക്കാന്‍ പുതിയ സ്മരണകള്‍ കണ്ടേക്കാം

      ഇല്ലാതാക്കൂ
  6. ഇതു പോലെ മറ്റൊരു വിളിയാണ്, ''ഈയം പൂശാനുണ്ടോ? ഈയംപൂശാനുണ്ടോ''? എന്നത്. അതും ഇല്ലാതായിക്കാഴിഞ്ഞെന്നു തോന്നുന്നു. ആധുനിക കാലത്ത്
    ഇനി കേൾക്കാനിടയുള്ള വിളികൾ ''ഫോർമാറ്റ് ചെയ്യാനുണ്ടോ.? ഫോർമാറ്റ് ചെയ്യാനുണ്ടോ.''? എന്നൊക്കെയായിരിക്കും.ഹ..ഹ..

    കവിത നന്നായി.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് പറഞ്ഞപ്പോൾ, ഒരു തമാശ ഓര്മ്മ വരികയാണ്. മുമ്പ് ഒരു ഈനാശു, ഈയം പൂശാനുണ്ടോ എന്ന് ചോദിച്ചു വരുമായിരുന്നു. തറവാട്ടിൽ വലിയമ്മ, അമ്മ, ചെറിയമ്മ എന്നിവര് മൂന്നു വിധത്തിൽ ആയിരുന്നു അയാളെ വിളിച്ചിരുന്നത് - ആനാശു, ഈനാശു, എനാശു!

      ഇല്ലാതാക്കൂ
    2. മാറുന്ന ജീവിതത്തിനും, തൊഴിലിനുമനുസരിച്ച്....പുത്തന്‍ കല്ലന്മാരും കല്ലത്തിമാരുമുണ്ടായിക്കൊണ്ടേയിരിക്കും...അഭിപ്രായത്തിന് നന്ദി സൌഗന്ധികം

      ഇല്ലാതാക്കൂ
  7. കവിത യുടെ നാഡി ഞരമ്പ്‌ ഒരു വരിയിൽ മനോഹരമായി കൊത്തി
    അതെ കല്ലായ ഹൃദയം തന്നെയാണ് ഇന്ന് മനുഷ്യന് അത് കൊത്താൻ മരണം എന്ന കൊല്ലപണിക്കത്തി തന്നെ വരണം.. വരും

    മനോഹരം ഒരു മനോഹരമായ കല്ശിൽപ്പം അതിന്റെ കണ്ണിൽ അര്ദ്രതയുടെ നനവ്‌ ഒരു പുതു തലം കണ്ടെത്തി ഈ കവിതയിൽ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീര്‍‌ച്ചയായും ബൈജു സൂചിപ്പിച്ച വരികള്‍ തന്നെയാണ് ഈ കവിതയുടെ ജീവന്‍.......

      ഇല്ലാതാക്കൂ
  8. കല്ലുകൊത്തികളുടെ ഇന്നത്തെശോചനീയാവസ്ഥ കൊത്തിവെച്ച വരികള്‍! 'ഇത്തിരി കഞ്ഞിവെള്ളം തരുമോ
    കുടിക്കുവാന്‍ .....ഉപ്പുമിട്ട്.......'
    ഓര്‍മ്മകളില്‍ വിശപ്പിന്‍റെ കാഠിന്യം ഉള്ളിലേക്ക് ശക്തമായി ഇരമ്പിക്കയറുന്നു!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഏതെങ്കിലും നാട്ടിന്‍ പുറങ്ങളില്‍ കല്ലപ്പണിക്കത്തിമാര്‍ വാര്‍ദ്ധക്യത്തിന്റ ശാപവും പേറി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകും....അഭിപ്രായത്തി് നന്ദി തങ്കപ്പന്‍ സാര്‍

      ഇല്ലാതാക്കൂ
  9. കവിതയിലെ വരികള്‍ ശക്തം, കുടിക്കാന്‍ കഞ്ഞിവെള്ളം തരുമോ എന്ന വൃദ്ധയുടെ ചോദ്യം ചാട്ടുളി പോലെ ഹൃദയത്തെ നോവിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  10. ആദ്യവരവിന്...അഭിപ്രായത്തിന് നന്ദി...നന്ദി...വീണ്ടും വരിക

    മറുപടിഇല്ലാതാക്കൂ
  11. കൊത്തുവാനുണ്ട് ചില കല്ലുകള്‍
    മനുഷ്യ ഹൃദയങ്ങളിലാണത്
    ആഴത്തിലാണ്ടു കിടപ്പൂ....!!!!!!!!!!!:(:

    മറുപടിഇല്ലാതാക്കൂ
  12. കൊത്തുവാനുണ്ട് ചില കല്ലുകള്‍
    മനുഷ്യ ഹൃദയങ്ങളിലാണത്
    ആഴത്തിലാണ്ടു കിടപ്പൂ....!!
    നന്നായിട്ടുണ്ട്.... ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ വരികളാണ് കവിതയുടെ ആത്മാവ്...അഭിപ്രായത്തിന് നന്ദി ഡോക്ടര്‍...

      ഇല്ലാതാക്കൂ
  13. മനുഷ്യ ഹൃദയങ്ങളിലെ കല്ല്‌ കൊത്തി മയപ്പെടുത്തുവാൻ പാവം കല്ലപ്പണിക്കത്തിയ്ക്ക് കഴിയില്ല.

    മറുപടിഇല്ലാതാക്കൂ