ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, മേയ് 31, വെള്ളിയാഴ്‌ച

പ്രാരാബ്ധകാലത്തെ ചില വീട്ടു വിശേഷങ്ങള്‍......


ഇനിയുമെത്ര ദിനം കൂടിയുണ്ട്
ശമ്പളം കിട്ടുവാന്‍...?
ഒട്ടിയ കീശയുമായി ഞാന്‍ നടപ്പൂ
കിട്ടിയ കാശെല്ലാം എന്തെടുത്തൂ...?
ചട്ടുകം നീര്‍ത്തി വട്ടത്തില്‍
ദോശ ചുട്ടടുക്കവേ
ഒട്ടും മയമില്ലാതെ ഭാര്യചോദിക്കുന്നു

കത്തുന്ന കനല്‍ പോലെ
ജ്വലിക്കുന്നുണ്ടെനിക്കു കോപം
എത്രയാലോചിച്ചിട്ടുമൊരെത്തും
പിടിയും കിട്ടുന്നില്ല....
വട്ടു പിടിക്കുന്നുണ്ടെനിക്ക്

വട്ട ചിലവിന് പോലും തികയാത്ത
ശമ്പളമുള്ളൊരുത്തനെ
കെട്ടിയന്നുമുതല്‍ തുടങ്ങിയത്രേ
അവളുടെ കഷ്ടകാലം.....

കെട്ടു പ്രായം കഴിയാറായി
പട്ടു പോകാന്‍ നിന്ന ഒരുവളെ
കെട്ടിയെടുത്തതോ ഞാന്‍ ചെയ്ത
തെറ്റന്ന്........ ഞാനും...

ഒട്ടും പ്രതീക്ഷിച്ചതേയല്ല
കെട്ടുകല്യാണങ്ങളഞ്ചാറ്
ലക്കും ലഗാനവുമില്ലാതെ
വന്നു കയറീ....
താലികെട്ടും കഴിഞ്ഞുളള
നൂലുകെട്ടും വരുന്നുണ്ട് പിറകെ
ഒന്നൊന്നായി......!

സൈക്കിളില്‍ മുട്ടുതട്ടി വീണ്
കുട്ടിക്കേനക്കേടും പറ്റി
അതുമാറ്റുവാനുമെത്ര പൊട്ടിച്ചു
പത്രക്കാരനോടും പാല്‍ക്കാരി പെണ്ണിനോടും
പിന്നെ വരാന്‍ പറയാനൊക്കുമോ
പറ്റു കടക്കാരന്‍ ഇന്നലെ പെട്ടന്നു
കണ്ടപ്പോള്‍ ചോദിച്ചല്ലോ....
ആ വഴി കണ്ടിട്ട് ഒത്തിരി
നാളായല്ലോയെന്ന് ....

വീട്ടുലോണ് മുടങ്ങിയിട്ട്
തവണ മൂന്ന് നാലായി...
ജപ്തി ഭീഷണി മുഴക്കിയിന്നലെ
കത്തുംവന്നിരുന്നു...

എല്ലാമൊറ്റവാക്കില്‍.....
പോട്ടേയെന്ന് വെക്കാം
പൊട്ടിയിട്ടും പൊട്ടിക്കാതെ ഞാന്‍
ഇട്ടുകൊണ്ടു നടന്നിരുന്ന
 ചെരുപ്പിന്നലെ പൊട്ടി

രക്ഷയില്ലല്ലോ...?
പുത്തനൊരെണ്ണം വാങ്ങി
ഒട്ടും ചെലവാക്കില്ലന്ന് നിശ്ചയിച്ചുറപ്പിച്ച്
കൊച്ചു മണി പേഴ്സില്‍
മടക്കി പൂട്ടി വെച്ചിരുന്ന
പുത്തനഞ്ഞൂറ് രൂപാ നോട്ടങ്ങനെ പൊട്ടി...

അതിന്നു രാവിലെ .........
ഞാനെഴുനേറ്റ് നോക്കുമ്പോളുണ്ട്
പട്ടികടിച്ചു കീറി തെങ്ങിന്‍ ചുവട്ടിലിട്ടിരിക്കുന്നു
!!...........................................??

ഇഷ്ടിക പെറുക്കി മുറ്റത്തു കൂട്ടുന്നുണ്ട്
ഞാന്‍........
രാത്രിയിലിങ്ങെത്തുമല്ലോ....
എല്ലാത്തിനും വെച്ചിട്ടുണ്ട് ഞാന്‍..
നെഞ്ച് നീറി ഞാന്‍ നിന്നു പിടയുമ്പോള്‍
നിങ്ങളെന്താ അടക്കി ചിരിക്കുകയാണോ.....

( സത്യം പറഞ്ഞാല്‍  ഈ കവിത പതിനഞ്ചിനും ഇരുപതിനുമിടയ്ക്കുളള ഒരു തീയതില്‍ പോസ്റ്റു ചെയ്താല്‍ മാത്രമേ ശരിക്കും എറിക്കുകയുളളൂ. പക്ഷേ നമ്മോളോട് ചോദിച്ചിട്ടല്ലല്ലോ അവള്‍ കയറി വരുന്നത്.....)

2013, മേയ് 28, ചൊവ്വാഴ്ച

പെണ്ണുങ്ങളേ...സുല്ല്..സുല്ല്..!!

ഇന്നലെ വാങ്ങിയ സാരിയുണ്ടല്ലോ...
അതൊന്ന് മാറിയെടുക്കണം ഇന്നു തന്നെ
ഇല്ലാത്ത കാശുകൊടുത്ത്
കല്യാണത്തിന് ഉടുത്തുപോകാന്‍
വാങ്ങിയതാണേ...

ഉടുത്തിട്ടൊട്ടും ഭംഗി പോരാ...
നിവര്‍ത്തി നോക്കുമ്പോഴല്ലേ
വെറും നരച്ച നിറം.....
നൂലിഴ പൊങ്ങി പൊങ്ങി
മുന്താണി കണ്ടില്ലേ.....
ചുക്കിച്ചുളിഞ്ഞിരിക്കുന്നത്
പാമ്പ് പടം പൊഴിച്ചതു പോലുണ്ടല്ലോ
അതിന്റെ ബോഡറുകള്‍


ആരോ ഉടുത്ത് മുഷിഞ്ഞ്
പിന്നെ തേച്ചുമടക്കി കൊണ്ട്
കൊടുത്തതതാണന്ന് തോന്നുന്നു
കണ്ടില്ലേയതിന്‍ പാട്...?

എനിക്കു വേണ്ട വേണ്ട...
മടക്കിയിരുന്നതു പോലൊന്ന്
മടയ്ക്കി വെയ്ക്കാമോ....?
മാറിയെടുക്കാന്‍.......
എന്റെ കൂടൊനന്ന് വരാമോ...?
ഓഫീസില്‍ നിന്നുമിന്നുമിത്തിരി
നേരുത്തെയിറങ്ങാമോ.....?

തരിച്ചു കേറുന്നുണ്ടെനിക്ക്
പെരുവിരല്‍.....
ഇന്നലെയന്തിക്ക് തുണിക്കടയില്‍
നിന്നെത്രനേരം
ചിക്കിചികഞ്ഞെടുത്തതാണ്

എത്രയെണ്ണം എത്രവെട്ടം
അഴിച്ചു നിവര്‍ത്തി നോക്കി....
മനസ്സിലുടുത്തൊരുങ്ങി......
വില്പനക്കാരി പെണ്ണാകെ
കുഴഞ്ഞുപോയി...
വെക്കം വീട്ടില്‍ പോകാനുളള
ധൃതിയവള്‍ക്കുണ്ടായിരുന്നല്ലോ......

എത്രയെണ്ണം ഞാന്‍ തൊട്ട് കാണിച്ചു
എല്ലാത്തിനും വല്ലാത്ത പുച്ഛം
കഷ്ടം.........!
എന്നിട്ടിപ്പോള്‍ പറയുന്നത് കേട്ടില്ലേ
മാറിയെടുക്കണം പോല്‍...
നേരുത്തെയിറങ്ങണം പോല്‍..
 എന്തോ പറയെണമെന്നുണ്ടെനിക്ക്
ഒന്നിനും നാവു പൊങ്ങുന്നില്ല..

ഇല്ലാത്ത കാശ് കൊടുത്ത്
വെളളത്തിലലിഞ്ഞു പോകും
സാരിവാങ്ങുന്ന പെണ്ണുങ്ങളേ
സുല്ല്...സുല്ല്....!!

അതുപോട്ടെ...
ഇന്നലെ കൂട്ടത്തില്‍ ഞാനും
വാങ്ങിയിരുന്നല്ലോ ഷര്‍ട്ടൊരെണ്ണം
ബില്ലടച്ചിട്ടറങ്ങുമ്പഴേ തോന്നി
മനസ്സിലൊരു വല്ലായ്ക...
ഇതുവേണ്ട മറ്റേത് മതിയായിരുന്നു
എനിക്കുമതൊന്ന് മാറിയെടുക്കണം...!

2013, മേയ് 24, വെള്ളിയാഴ്‌ച

ചില വരണ്ട കാഴ്ചകള്‍.......

പിള്ളത്തൊടി താഴ്ത്തിയെന്നാലും
കിണറ്റില്‍ വെള്ളമില്ലല്ലോ....!
കുളിക്കുവാനില്ല നനയ്ക്കുവാനില്ല
കുടിക്കുവാന്‍ പോലുമില്ല
മണ്ണും ചെളിയും കുഴഞ്ഞങ്ങനെ
കിടക്കുകയാണല്ലോ....

ഓര്‍മ്മയില്‍ ഇന്നേവരെ വറ്റാത്ത
നീരുറവയുമായിരുന്നല്ലോ .....
തെളിനീരൂര്‍ന്നുവന്നതിന്‍
ജീവരന്ധ്രങ്ങളിലൂടിപ്പോള്‍
ചോണനുറുമ്പുകള്‍
മാത്രമിഴഞ്ഞുനടക്കുന്നു...

തൊണ്ട നനയ്ക്കുവാന്‍
കഴിയാതെത്രനാളായി
ഉള്ളിലൊരുകോണില്‍
ഫൂട്ട് വാല്‍വ് കനം തൂങ്ങി
നില്ക്കുന്നു........

തൊള്ളതുറന്നെപ്പൊഴൊ
വലിച്ചുകയറ്റിയ വായു
 ഉള്ളില്‍തന്നെ തികട്ടി കിടക്കുന്നതിന്‍
 വിമ്മിട്ടവുമുണ്ട്.....

കമ്പിളി പുതച്ച വൃദ്ധനെപ്പോലെ
കമ്പിച്ചുരുള്‍ മോട്ടോര്
കരയ്ക്കിരുന്നുറക്കം തൂങ്ങുന്നു
എന്ത് സുഖം... ഒന്നുമറിയേണ്ടല്ലോ

തട്ടിന്‍ പുറത്തുനിന്നും
തപ്പിയെടുത്തതാണീ തൊട്ടിക്കയര്‍
പൊട്ടിപ്പറിഞ്ഞയ്യോ  കണ്ടാല്‍
കഷ്ടം തോന്നും ...

ഒട്ടും സമയമില്ല .......
പൊട്ടക്കവിത ഞാന്‍ പിന്നെ
എഴുതിയിടാം......
ടാങ്കര്‍ ലോറി വരുന്നുണ്ട്
കുടിവെള്ളവുമായി .......

വെക്കം പാത്രങ്ങളെല്ലാം
റോഡുവക്കില്‍കൊണ്ട് നിരത്തണം
അല്ലെങ്കില്‍  ജീവിതം കട്ടപ്പുക.....! 

2013, മേയ് 17, വെള്ളിയാഴ്‌ച

പൊട്ടുകമ്മല്‍......

സ്വര്‍ണ്ണത്തിനിത്തിരി
വില കുറഞ്ഞെന്നു കേള്ക്കുന്നല്ലോ ..
കൊച്ചു മകള്‍ക്കൊരു
പൊട്ടു കമ്മല്‍ വാങ്ങണം
എത്ര നാളായതിന്‍ കാതു കുത്തിയിട്ട്
പത്തു രൂപയ്ക്ക് കിട്ടുന്ന കമ്മലിട്ട്
കാത് പൊട്ടിയളിഞ്ഞല്ലോ......
അച്ഛനില്ലാത്തൊരു കുഞ്ഞല്ലേ
വൃദ്ധനാണെങ്കിലും ഉത്തരവാദിത്തത്തില്‍
നിന്നൊഴിഞ്ഞു മാറാനൊക്കുമോ...?

ഒക്കെയു മൊപ്പിച്ചു കൊടുത്തു
കെട്ടിച്ചയച്ചതാണ് പൊന്നു മകളെ
ഭര്‍ത്താവെന്നു പറയുന്നവന്‍
വിറ്റുതുലച്ച് തകര്‍ത്തില്ലേയെല്ലാം........
കൂട്ടുകൂടി കുടിച്ചും ധൂര്‍ത്തടിച്ചും
കാട്ടുമൃഗത്തെപ്പോലെ
വിറളിപൂണ്ടു നടന്നും........
നാട്ടു നടപ്പ് വയ്യതെവന്നൊരുനാള്‍
ഉത്തരത്തിലൊരു വെറും കുരുക്കിട്ട്
ഉത്തരവാദിത്തമൊന്നുമില്ലാത്ത
ലോകത്തേക്ക് പോയതും
എന്തെളുപ്പം .........

അന്നു തൊട്ടിന്നേവരെ മകളൊരുതുള്ളി
കണ്ണീരുപോലും പൊഴിച്ചിട്ടില്ല
ഒരു പുഞ്ചിരിക്കോളു പോലും വിരിഞ്ഞില്ല
ആ ചുണ്ടുകളില്‍.......
എന്തു ചോദിച്ചാലുമൊരു മൂളല്‍ മാത്രം
ഉമ്മറത്തിണ്ണമേലിരുന്നെപ്പോഴും
ചിന്തയിലാണ്...ചിന്ത തന്നെ
പറയുവാതിരിക്കുന്നതെങ്ങനെ
വല്ലതും മുന്നില്‍ കൊണ്ടു വെച്ചാല്‍
വാരിവലിച്ചു കഴിക്കുന്നതിനീ
ദണ്ണമൊന്നുമില്ല്ലോ...........

എത്ര പഠിപ്പിച്ചതാണ്
എല്ലാം നിഷ് പ്രയോജനം...
കൊച്ചു കുഞ്ഞൊരുത്തി വളര്‍ന്നു
വരുന്നുണ്ടെന്ന് വല്ല വിചാരവും വേണ്ടേ
ചത്തു പോകുവാനുളളതല്ലേ മനുഷ്യര്‍
ദുഖിക്കുവാനെന്തിരിക്കുന്നു
വെറുതെ ദുഖിച്ചിട്ടെന്തു കാര്യം.....

നെഞ്ചിലൊരു കനം വല്ലാതെ
വന്നു തിങ്ങുന്നു........
രണ്ടു മൂന്ന് ദിവസമായി........
ഡോക്ടറേയും കൂടിയൊന്ന് കാണണമെന്ന്
നിനച്ചിറങ്ങിയതാണ്.....
അല്ലങ്കില്‍ വേണ്ട...വേണ്ട....
ഇല്ലാത്ത ടെസ്റ്റുകള്‍ക്കൊക്കെയും
കുറിച്ചു തരും.....
എല്ലായിടവും വെറും കച്ചവടക്കാര്‍ മാത്രം

വായു വിലങ്ങിയതാണ്....
സോഡാപൊട്ടിച്ചൊഴിച്ചൊരു
നാരങ്ങാവെളളം കുടിച്ചൊരേമ്പക്കത്തില്‍
 തീരുന്നതേയുള്ളീ വേദന

മഞ്ഞലോഹത്തിന്റെ പ്രഭയില്‍
കണ്ണ് മഞ്ഞളിച്ചു പോയി....
സ്വര്‍ണ്ണക്കടയ്ക്കകത്തു കയറിയപ്പോള്‍
പുച്ഛമൊളിപ്പിച്ചോരു പുഞ്ചിരിയുമായി
വില്പനക്കാരന്‍ പയ്യന്‍ വന്ന്
എന്തുവേണമെന്നന്വേഷിക്കുന്നു

കൊച്ചുമകള്‍ക്കൊരു പൊട്ടുകമ്മല്‍
വേണം...അത്രമാത്രം
ഉള്ളിലിത്തിരി സന്ദേഹമുണ്ട്
എത്രയാകുമെന്നൊരു നിശ്ചയവുമില്ല
കുട്ടികളെ അക്ഷരം പഠിപ്പിച്ച്
ദക്ഷിണ കിട്ടയതിലിത്തിരി
മിച്ചം പിടിച്ചു വെച്ചിട്ടുണ്ട്....
പത്തിന്റെ, അമ്പതിന്റെ, നൂറിന്റേയും
മുഷിഞ്ഞൊട്ടിയ നോട്ടുകള്‍
കൊച്ചു കൊച്ചായി മടക്കി
പ്ലാസ്റ്റിക്ക് കൂടിനുളളില്‍ പൊതിഞ്ഞ്
മുണ്ടിന്‍ കോന്തലയില്‍
ഭദ്രമായി വെച്ചിട്ടുണ്ട്..

എന്തോ മഹാഭാഗ്യം
കഷ്ടിച്ചു തികഞ്ഞു.......
വണ്ടി കയറി വീട്ടിലെത്തുവാന്‍
തിടുക്കമാകുന്നു....
കമ്മലണിഞ്ഞ് കൊച്ചുമകള്‍
കണ്‍മുന്നിലിതാ വന്നു നില്ക്കുന്നു
എന്തു സുന്ദരീ..കുറുമ്പുകാരി...


നെഞ്ചിലെ ഭാരത്തിനൊട്ടും കുറവില്ല
വീട്ടിന്നുമ്മറത്തുതന്നെ
കാത്തിരിപ്പുണ്ടായിരുന്നല്ലോ ഭാര്യ
ഡോക്ടറെ കണ്ടോയെന്നവള്‍
ചോദിക്കുന്നു......
കണ്ടെന്നപോലെ തലയാട്ടുന്നു
എങ്ങുനിന്നോ ഓടിവന്നാ
പിഞ്ചിളം പൈതല്‍
കൈയിലെ മിഠായിപ്പൊതി
തട്ടിപ്പറിച്ചുകൊണ്ടോടുന്നു....

ഇത്തിരി വെളളം കുടിക്കുവാനെടുക്കാന്‍
പറയുന്നു
അപ്പോഴേക്കും തളര്‍ന്നു വീഴുന്നു...

കണ്ണു തുറക്കുമ്പോഴുണ്ട്
കണ്ണാടിചില്ലിട്ട മുറിയിലാണല്ലോ
ഇറ്റു വീഴുന്നുണ്ട് പഞ്ചസാരത്തുളളികള്‍
കുപ്പി ഞരമ്പില്‍ നിന്നും....
ശുഷ്കിച്ച രക്ത ഞരമ്പിലോടിക്കളിക്കാന്‍

നഗ്നമാം കാതും കഴുത്തുമായ്
ഭാര്യയുമുണ്ടവിടെ ഒരു കോണിലായി
പെട്ടന്നൊത്തിരി വൃദ്ധയായിരിക്കുന്നല്ലോ അവള്‍
കാതിലവള്‍ക്കുമുണ്ടായിരുന്നല്ലോ
പൊട്ടുകമ്മല്‍...എവിടെപ്പോയി

ഒട്ടും വിഷമിക്കേണ്ട.....
ഇത്തിരി ധൈര്യം കാട്ടൂ
ഭാര്യ അടുത്തുവന്നു പറയുന്നു
ഇത്തിരി കൂടിയ മരുന്നു വേണമായിരുന്നൂ
അറ്റാക്കുകള്‍ പലതു കഴിഞ്ഞിരിക്കുന്നുവത്രെ
നിശബ്ദമായി ....
പെട്ടന്നൊരു  വഴിയും കണ്ടില്ല
എന്റേതു മാത്രമല്ല...
കൊച്ചുമകള്‍ക്കായി പുത്തനായി
വാങ്ങിയ പൊട്ടുകമ്മലും
ഒക്കയും ചേര്‍ത്തു പണയം വെച്ചു
കഷ്ടിച്ചൊപ്പിച്ചു......

നെഞ്ചിലൊരു കനം വന്നു കൂടുന്നു...
മുന്നോട്ടും പിന്നോട്ടുമെടുക്കുവാനാകാതെ

2013, മേയ് 15, ബുധനാഴ്‌ച

മണിയൊച്ച കേള്‍ക്കുന്നുണ്ടോ......

ഉച്ചമണിയടിക്കാന്‍
എന്തിത്ര താമസ്സം
ചോറ്റു പുരയില്‍ ഉപ്പുമാവ്
വെന്തതിന്റെ മണം
പരക്കുന്നല്ലോ.....!
കപ്പലോടാന്‍ പാകത്തില്‍
വായില്‍ വെളളവും നിറയുന്നു

പട്ടിക നിരത്തി
പഠിപ്പിക്കുകയാണല്ലോ ടീച്ചര്‍
ചുട്ടയടി തരുമെന്നു പറഞ്ഞ്
ഡസ്റററുമായൊട്ടിപ്പിടിച്ച്
ചൂരല്‍ വടി മേശപ്പുറത്തു നിന്ന്
എത്തി നോക്കുന്നുണ്ട്....

എന്നാലും സാരമില്ല......
പിന്നില്‍ കണ്ണടച്ചിരുന്ന്
നമുക്കൊന്ന് എണ്ണി നോക്കിയാലോ
ഒന്ന്...രണ്ട്...മൂന്ന്....

ഉച്ചമണിയടിക്കാന്‍
ഇനിയുമെത്ര നേരമുണ്ട്..?

മണിയൊച്ച കേള്‍ക്കേണ്ട താമസം
ഒറ്റച്ചാട്ടത്തിനിറങ്ങിയോടണം
അപ്പുറത്തയ്യത്തൊരു
വട്ടമരമുണ്ട്....
മുളളുവേലിചാടിക്കടക്കണം
തൂങ്ങിയാടിയതിന്‍
ഇലപൊട്ടിച്ചുകൊണ്ട്
വേഗത്തില്‍ മുമ്പില്‍
ചെന്നു നില്ക്കണം
ആദ്യം തന്നെ......
പിന്നിലൂടാരും കാണാതെ
കേള്‍ക്കാതെ ഉത്തരം പറഞ്ഞു നല്കും
നിത്യവും വാലിട്ട്കണ്ണെഴുതി
എത്തുന്നൊരാ പെണ്‍കുട്ടിയുണ്ടല്ലോ
അവള്‍ക്കും ഞാനൊന്ന്
പൊട്ടിച്ചെടുത്തിട്ടുണ്ട്
ആരുമതറിയേണ്ട...

മുളളിലുടക്കി ഉടുപ്പു കീറിയാലും സാരമില്ല...
പളളു പറഞ്ഞിട്ടാണേലുമമ്മ തുന്നിത്തരും

പച്ചിലിയില്‍ പകര്ന്നു തരും
ഉപ്പുമാവൊന്നു മണം പിടിച്ച്
കൊച്ചു ചൂണ്ടാണി വിരല്‍
താഴ്ത്തിയിട്ട് എത്ര ചൂടെന്ന്
പറഞ്ഞ് കൈയിലൂതി....
നൊട്ടി നുണഞ്ഞു നടക്കണം
ടീച്ചറെ പോയി മണിയടിച്ച്
പിന്നെയും വാങ്ങണം....

ഇത്തിരി കൂടി കഴിയുമ്പോള്‍
വീണ്ടുമൊരു നീണ്ട മണിയൊച്ച
കേള്‍ക്കാം.....

കൊല്ലി സൈക്കിള്‍ ഉന്തി
യൊരാള്‍ വരുന്നുണ്ട്....
പിന്നിലൊരു വീപ്പപെട്ടിയുമുണ്ട്
നിരതെറ്റിയ പല്ലുകള്‍ക്കിടയിലൊരു
മുറിബീഡി തിരുകി അയാള്‍
നോക്കി ചിരിക്കുന്നതു കാണുന്നില്ലേ..

പത്തു പൈസാ കൊടുത്താല്‍ മതി
കൊച്ചു കമ്പില്‍  വെച്ചു പിടിപ്പിച്ചോരു
ഐസെടുത്തുതരും
എത്ര മധുരമെന്നറിയാമോ......

രക്തം പോലും തണുത്തുറഞ്ഞു
പോകുന്നതിന്‍ രസമൂറിയൂറി.......
നാക്കു മരവിച്ച് വാക്കുകളൊന്നും
വഴങ്ങുന്നില്ലല്ലോ..
നനഞ്ഞൊട്ടിയ കൈവിരല്‍
നിക്കറില്‍ തന്നെ തൂത്ത്
വൃത്തിയാക്കാം....

സ്കൂളിന്റെ മുറ്റത്തൊരു
മൂവാണ്ടന്‍ മാവിന്റെ ചില്ല
താഴോട്ട് ചാഞ്ഞു നില്പുണ്ട്
അതിന്റെ കൊമ്പില്‍
കൂട്ടുകാരോടൊത്തിരുന്നാടാം
ഇടയ്ക്കൊന്ന് താഴെ വീഴാം
ഒന്നും പറ്റിയില്ലന്നുപറഞ്ഞ്
തട്ടിക്കുടഞ്ഞെഴുന്നേല്ക്കാം

പെട്ടന്നോര്മ്മിച്ച് പുസ്തകത്താളില്‍
മയില്‍പ്പീലി പെറ്റു പെരുകുന്നതെങ്ങനെയെന്ന്
കാണിച്ചു കൊടുക്കാം...

വീട്ടിലേക്കുവരും വഴി
നോട്ടുബുക്കിന്റെ താളുകള്‍
പകുത്തു കീറികളിവളളമുണ്ടാക്കി
തോട്ടിലെവെളളത്തിലൊഴുക്കി
നോക്കിയിരിക്കാം...

മണിയൊച്ച മുഴങ്ങുന്നുണ്ട്
വീണ്ടും മധുര സ്മൃതികളുമായ്.........

( ഞാന്‍ ആ മണിയൊച്ചകള്‍ കേള്ക്കുന്നുണ്ട് നിങ്ങളോ...................)

2013, മേയ് 3, വെള്ളിയാഴ്‌ച

ഇരുള്‍ നിലാവില്‍ രാപ്പാടി വീണ്ടും പാടുമ്പോള്‍.......



പാടിക്കൊണ്ടിരിക്കെ ശ്രുതി മറന്നു പോയ ഒരു രാപ്പാടി എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് ഞാനെന്റെ പാട്ട് തുടങ്ങിയത്. പാട്ടിനിടയ്ക്ക് ശ്രുതിയും, താളവും മാത്രമല്ല ശബ്ദം തന്നെ നിലച്ചു പോകുമെന്ന് ഞാന്‍ ഭയപ്പെട്ടു. ഭയത്തിന് കാരണങ്ങളുണ്ടായിരുന്നു.പഠിക്കുന്ന കാലത്ത് എഴുത്ത് ഒരു ജീവശ്വാസം തന്നെയായിരുന്നു....എന്തിനോ ഏതിനെന്നോയില്ലാതെ  വെറുതെ എഴുതിക്കൊണ്ടിരിക്കുക...പക്ഷെ ജീവിതത്തിന്റെ പരക്കം പാച്ചിലിന്നിടയില്‍ അത് എപ്പോഴോ കൈമോശം വന്നു പോയി...ഒന്നും കിളിര്ക്കാത്ത ഒരു പാഴ് മരുഭൂമിപോലെ മനസ്സ് ശൂന്യമായി കിടന്നു.ശുഷ്കമായ നാലുവരിക്കവിത പോലും കുത്തിക്കുറിക്കുവാന്‍ കഴിയാതെ സര്ഗ്ഗപരമായ ശൂന്യതയില്‍പ്പെട്ട് മൌനത്തിന്റെ വാല്മികത്തി‍ല്‍ കുടുങ്ങി ഒരു വനവാസകാലം തന്നെ കടന്നു പോയി. ഇടയ്ക്ക് എന്നിലെ എഴുത്ത് മരിച്ചിട്ടില്ലന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ഒരു നാമ്പും പൊട്ടിമുളച്ചില്ല.അങ്ങനെ ആത്മനിന്ദയില്‍ കഴിയവേയാണ് ഞാന്‍ ഒരു നിമിത്തം പോലെ ഈ ബ്ലോഗ് ആരംഭിക്കുന്നത്
ഇന്റര്നെറ്റിലെ കൌതുക ലോകങ്ങള്‍ പരതുന്നതിനിടയില്‍ കണ്ട   Create Your own Bloggഎന്ന ആഡിന്റെ മാത്രം ചുവടുപിടിച്ചാണ് ഞാന്‍ ഇവിടം വരെയെത്തിയത്

പണ്ട് കവിതയെന്നോ, കഥയെന്നോ പറഞ്ഞ് കുത്തിക്കുറിച്ചവ സൈബര്‍ ലോകത്തിന്റെ വെളളിവെളിച്ചത്തിലേക്ക് രൂപം മാറ്റുക എന്നതിനപ്പുറം യാതൊരുദ്ദേശവം ഉണ്ടായിരുന്നില്ല. അതോടു കൂടി എന്റെ ബ്ലോഗെഴുത്ത് നിലച്ചു പോകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ തികച്ചും അത്ഭുതമെന്നു പറയട്ടെ എഴുതുവാനുളള വിഷയങ്ങള്‍ ഇപ്പോള്‍ ഒന്നിനു പുറകെ ഒന്നായി എന്നെ തേടിവരുന്നു. എഴുതണമെന്ന വിചാരം എപ്പോഴും മനസ്സില്‍ കിടക്കുന്നതിനാല്‍ വലിയ ആത്മ സമര്പ്പണമൊന്നും കൂടാതെ അതു പൂര്ത്തിയാക്കാനും കഴിയുന്നു. മനസ്സിന്റെ മരുഭൂമിയിലേക്ക് മഴതിമിര്ത്തു പെയ്യുന്നതിന്റെ സുഖം ഞാനറിയുന്നു. പുല്നാമ്പുകളുടെ ഹരിത ഭംഗി വീണ്ടും ദൃശ്യമാകുന്നു. ഞാനെന്റെ എഴുത്തിലുളള ആത്മവിശ്വാസം പതിയെ പതിയെ തിരികെപ്പിടിക്കുന്നതായി എനിക്കുതന്നെ തോന്നുന്നു. ഒരിക്കല്‍ ശബ്ദം നിലച്ചു പോയ പാട്ടുകാരന്റെ സ്വനതന്ത്രികളിലേക്ക് വര്ണ്ണങ്ങളും ഭാവങ്ങളും വന്നു നിറയുന്നു........

                                                          എപ്പൊഴോ നഷ്ടപ്പെട്ടുപോയ എഴുത്തിന്റെ ആത്മഹര്ഷം വീണ്ടെടുക്കാന്‍ കഴിഞ്ഞത് പ്രിയ ബ്ലോഗു സുഹൃത്തുക്കള്‍ നല്കിയ നിര്‍ലോഭമായ പിന്തുണയും പ്രോത്സാഹനവും ഒന്നുകൊണ്ടു മാത്രമാണ് . ലോകത്തിന്റെ വിവിധകോണുകളില്‍ എനിക്കു നേരിട്ട് പരിചയമില്ലാത്ത സുഹൃത്തുക്കളിലൂടെ ഞാന്‍ വായിക്കപ്പെടുന്നുവെന്ന തോന്നല്‍ എന്നെ ആവേശഭരിതനാക്കുന്നു. അതിന് ഒരിക്കലെങ്കിലും ഈ ബ്ലോഗിലെത്തി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കളോടും ഞാനെന്റെ കടപ്പാടും വിനീതമായ നന്ദിയും അറിയിക്കട്ടെ......
2012 മാര്ച്ച് 31കാം  തീയതി ആരംഭിച്ച എന്റെ ബ്ലോഗ് ഒന്നാം വാര്ഷികം പിന്നിട്ടതിന്റേയും ഒപ്പം 7000 പേജ് സന്ദര്ശനങ്ങള്‍ പൂര്ത്തിയാക്കുന്നതിന്റേയും സന്തോഷം കൂടി പങ്കുവെയ്ക്കട്ടെ........
തുടര്ന്നും നിങ്ങളുടെ നിസ്വാര്ത്ഥമായ പരിഗണനയും, പ്രോത്സാഹനവും പ്രതീക്ഷിച്ചുകൊണ്ട്
                                                                                                 
                                                                                                                                                    പ്രാര്‍ത്ഥനയോടെ ..........
                                                                                          സ്നേഹാദരങ്ങളോടെ 
അനുരാജ്. കെ.എസ്സ്
കോട്ടയ്ക്കകത്തു തറയില്‍
തൊടിയൂര്‍ നോര്‍ത്ത്. പി.ഒ
കരുനാഗപ്പളളി
ksanurajveo@gmail.com