ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

ഊര്‍മ്മിള ഒരു ദു:സ്വപ്നത്തിലാണ്..........

ഊര്‍മ്മിള ......ലക്ഷ്മണന്റെ ഭാര്യ ....രാമന്റെ സഹോദര ഭാര്യ എന്നതിനപ്പുറം പ്രധാന്യ മൊന്നുമില്ലാതെ  ആദി കവി മൌനത്തിന്റെ വല്മീകത്തില്‍   ഒളിപ്പിച്ചവള്‍  ...ഭര്‍ത്താവ് ജീവിച്ചിരിക്കെ വൈധവ്യത്തിന്റെ തീക്കനലും പേറി ,വേദനയുടെ നിശബ്ദ സാഗരം  ഉള്ളിലടക്കി    ഒറ്റപ്പെടലിന്റെ തുരുത്തില്‍ , അവഗണനയുടെ  ശരശയ്യയില്‍ സ്വൊന്തം യൌവ്വനം ഹോമിച്ച ലോകത്തിലെ ആദ്യത്തെ സ്ത്രീ ഹൃദയം ഇവളുടെതായിരിക്കണം ........!!!





ഊര്മ്മിളേ വില്ലിന്‍ ഞാണൊലി മുഴങ്ങുന്നു.......
രാമപാദവും തേടി നിന്‍ കാന്തന്‍
കാനനത്തിലുഴറുന്നു
കാതരേ രാഗവിവശയാം നിന്‍ കണ്കളില്‍
കാലമുറയുന്നു
കോമരത്തിണ്ണയില്‍
കോലങ്ങള്‍ കലി തുളളിയാര്‍ക്കുന്നു
കോലായിലാ കൂനിത്തളള
കൂട്ടിയും, കിഴിച്ചും കാലങ്ങളെണ്ണുന്നു
കുടിലത കൊണ്ടൊരു കൂരമ്പു തീര്‍ത്തതില്‍
കരളുകള്‍ കോര്‍ത്ത് രസിക്കുന്നു
ഊര്മ്മിളേ വില്ലിന്‍ ഞാണൊലി മുഴങ്ങുന്നു........
കാട്ടു പാതകളിലൊറ്റയാന്‍മാര്‍
വന്നു ചിന്നം വിളിച്ചൂ
കരിനാഗം പത്തി വിടര്‍ത്തി
പതുങ്ങി നിന്നൂ
കരിമ്പുലികള്‍, കാലൊച്ചയില്ലാതെ വന്നു
കാരിരുള്‍ മുളള് കൊണ്ട് കാല്‍ മുറിയുന്നു
കാട്ടിലൂടല്പം തെളിനീരു തേടിയലയവേ
കരിമ്പാറയില്‍ നിന്നു കാല്‍ വഴുതിയയ്യോ...!
ര്‍മ്മിളേ വില്ലിന്‍ ഞാണൊലി മുഴങ്ങുന്നു........
കൂരിരുള്‍ വന്നു കുണുങ്ങി, കുണുങ്ങി
പിന്നെ കുടില നൃത്തം ചവിട്ടുന്നതെവിടയും
കടലുകള്‍ പിളരുന്ന നാദവും കേള്‍ക്കുന്നുവല്ലോ
ക്രൌഞ്ച മിഥുനങ്ങളൊന്നിതാ
വേടന്റെ അമ്പേറ്റു വീണു പിടയുന്നതിന്‍
ചിറകടിയൊച്ചയും കേള്‍ക്കുന്നു
ഭൂമി പിളരുന്ന വേഗത്തില്‍
രഥചക്രങ്ങളുരുളുന്നു
വേട്ടനായ്ക്കള്‍ കൂട്ടമായോരിയിട്ടെത്തുന്നു
വാള്‍ത്തലകള്‍ മിന്നലുകളായ് 
വിണ്ണിലുയരുന്നു  
ശരമാരിയേറ്റാരോ നിലവിളിക്കുന്നു 
ചുടുനിണച്ചാലുകള്‍ ചിത്രം വരയ്ക്കുന്നു 
ചുടലതന്‍ ചൂരടിക്കുന്നു 
ചടുല താളങ്ങളൊക്കെ  നിലച്ചു പോയ്‌
ചകിതയാം സന്ധ്യകള്‍  വന്നണയുന്നു 
ചരിത്രേതിഹാസമേ   നിന്‍ പഴങ്കഥ  താളുകളില്‍ 
ചോരകൊണ്ടെഴുതിയ വീര ചരിതങ്ങളില്‍  
പകിട പന്ത്രണ്ടും നിരത്തി 
പതുങ്ങിയിരിപ്പൂ കാലം......
ഊര്മ്മിളേ വില്ലിന്‍ ഞാണൊലി മുഴങ്ങുന്നു.......
 





1 അഭിപ്രായം:

  1. ഊര്‍മ്മിള - ശരിയാണ്. അധികം ആരും അങ്ങിനെ പ്രതിപാദിച്ചിട്ടില്ലാത്ത എന്നാല്‍ ശ്രദ്ധേയയായ നിശ്ശബ്ദയായ ഒരു ദു:ഖപുത്രി. രചന എനിക്കിഷ്ടപ്പെട്ടു. ഭാവുകങ്ങള്‍.
    My new blog:
    http://drpmalankot0.blogspot.com/2012/12/blog-post_28.html

    മറുപടിഇല്ലാതാക്കൂ