ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2012, ഡിസംബർ 26, ബുധനാഴ്‌ച

എഴുതുവാന്‍ ഇനി എനിക്കൊന്നുമില്ല.......!

ചിത്രകാരന് വരകളും വര്ണ്ണങ്ങളും പോലെ, പാട്ടുകാരന് ശ്രുതിയും താളവും പോലെ കവിക്ക് ഭാവനകളുടേയും, വാക്കുകളുടേയും ലോകം.............അത്  ജീവിതത്തിന്റെ ഏതോ  വഴിത്തിരിവില്‍ നഷ്ടപ്പെട്ടു പോകുന്നു..........









എഴുതുവാനിനിയൊന്നുമില്ല...
വെറും പാഴ് നിഴല്‍  പാടം പോലെന്‍
ഹൃദയം വറ്റി  വരണ്ടുകിടന്നൂ......

ഏതോ  നിഗൂഢമാം
നിദ്രതന്‍ ലഹരി വിട്ടുണരവേ......
പ്രണയിനീ നീപരിഭവം പറഞ്ഞ്
പടിയിറങ്ങിപ്പോകുന്നതിന്‍
പദനിസ്വനം ഞാന്‍ കേട്ടു......
പകുതി ചാരിയോരെന്‍
ഹൃദയജാലകം തുറന്നു
ഞാനുറക്കെ വിളിച്ചു കേണങ്കിലും
ഏതോ പൊന്‍  കിനാവായ്
പുകമഞ്ഞു പോലെ നീയെവിടയോ
പോയ് മറഞ്ഞു.....

ചിതല്‍ തിന്നു തീര്ന്നൊരെന്‍
ചിന്തകള്‍  തന്‍  പുറ്റിനുളളില്‍
വെറുതെ തപസ്സിരുന്നേറെ നേരം ഞാന്‍
പാടുവാനായിനി ഒരു പഥികന്റെ
പാട്ടു ഞാന്‍  നെഞ്ചില്‍  കരുതിയിട്ടുണ്ടങ്കിലും
വ്യഥിത സ്വപ്ങ്ങള്നിറഞ്ഞൊരെന്‍
പാഴ് മുളംതണ്ടത് പൊട്ടിത്തകര്ന്നു പോയി

പതിര്മണികളായുതിരുന്ന വാക്കുകള്‍
നോക്കി തപിച്ചൂ നടന്നു ഞാന്‍ ....

പ്രകൃതിതന്‍ ഋതുലോല ഭാവങ്ങളേ
എന്‍  ഹൃദയത്തിലേക്കു പെയ്തിറങ്ങുമോ ...?
മഞ്ഞില്‍ വീണുറഞ്ഞുപോയൊരു
പൊന്‍  തൂലിക  തേടി നടക്കുന്ന
പഥികനാം പാട്ടുകാരന്‍ ഞാന്‍ ....!

2012, ഡിസംബർ 21, വെള്ളിയാഴ്‌ച

ഇരുള്‍യാത്ര


രാത്രിയില്‍ യാത്രയില്ല....................!
യാത്രികര്‍ നാം കടന്നു പോകുമീ തീരമാകവേ
ചീര്‍ത്തു വീര്‍ത്തൊരായിരം ദു:സ്വപ്നങ്ങള്‍
കൂര്‍ത്തമുളളു പാകി കാത്തു നില്ക്കുന്നു
കേട്ടുവോ പിന്‍വിളി നിങ്ങളും
ആരോ ഇരുളില്‍ പതുങ്ങന്നതിന്‍ര്‍മ്മരവും
നീല രാത്രിതന്‍ ശോണിച്ച നിഴലുകള്‍
വഴികളില്‍ പുഴ പോലെ പുളയുന്നു
പെരുമഴ പെയ്തു തോര്‍ന്നിലച്ചാര്‍ത്തുകളില്‍
ഉറയുന്നു ജീവന്റെ സ്പന്ദനം
ഇരുളില്‍ ഏറെ നിന്നു ഞാന്‍ തളര്‍ന്നു
വഴി മറന്നു പോയ്
ന്‍ര്‍മ്മകള്‍ ഇഴപിരിച്ചെടുക്കിലും
ഇരുളില്‍ കുറുവര വരച്ചപോലൊരായിരം വഴികള്‍
അതിലെന്റെ  വഴിയേതന്നോര്‍ത്ത്
വെറുതെ സ്മൃതിയോട് കലഹിച്ചു നില്ക്കെ
വഴി വിളക്കേതോ മെല്ലെ മെല്ലെ ……
കണ്ണു ചിമ്മി തുറക്കുന്നു
തെരുവിലാരുമില്ലനാഥ സുന്ദര-
സുഷുപ്തിയിലാണ്ട് വീഥികള്‍
ഏതോ വഴി പോക്കര്‍ന്‍
ധൃതി പിടിച്ചകന്നു പോം കാലൊച്ചയും
പിന്ന ഇരുളിന്‍ നിഗൂഢമാം മുരള്‍ച്ചയും
രാത്രിയില്‍ യാത്രയില്ല...............!
യാത്രികര്‍ നാം കടന്നു പോകുമീ തീരമാകവേ
ചീര്‍ത്തു വീര്‍ത്തൊരായിരം ദു:സ്വപ്നങ്ങള്‍
കൂര്‍ത്തമുളളു പാകി കാത്തു നില്ക്കുന്നു

2012, ഡിസംബർ 17, തിങ്കളാഴ്‌ച

ഇടയില്‍ ഒരു ചോദ്യ ചിഹ്നം

ഇനി നമുക്ക് പിരിയാം
ഇണചേര്ന്ന് മടുത്തില്ലേ......
ഇരുളില്‍  നിന്നാ ചോദ്യമുയരവേ
ഇടയിലൊരുടല്‍
ചോദ്യ ചിഹ്നം പോലെ
കിടന്ന് പുളഞ്ഞു
ഇടനെഞ്ചിലാ ചോദ്യം
കനലായെരിഞ്ഞു

2012, ഡിസംബർ 12, ബുധനാഴ്‌ച

ക്രിസ്തുമസ്സ് നക്ഷത്രം



കാല്‍വരിക്കുന്നിന്റെ നൊമ്പരം വീണ്ടും
വാനീലുയരുന്നു
ജീവന്റെ വെളളിത്തളികയില്‍
നീയിറ്റിച്ച പ്രാണന്റെ ചോരത്തുളളികളും
കാരിരുള്‍ മുളളാണി
തേച്ചടിച്ചുറപ്പിച്ച നിന്‍  വ്രണിത യൌവനവും
ഇന്നിതാ ത്യാഗസീമകള്ക്കപ്പുറം
നിന്നു തിളങ്ങുന്നൊരാ
പൊന്‍താരകം.....
കാലിത്തൊഴുത്തില്‍  പിറന്നന്നു മുതല്‍
കാലചക്രത്തിന്നുരുള്ച്ചയ്ക്ക്
മൂകസാക്ഷിയായതും
കൂരിരുള്‍  തിങ്ങും പാതയിലൊരു
പൊന്‍ വെളിച്ചമായ് ഏകനായ്
ഏറെ ദൂരം  നടന്നതും
കുഞ്ഞാട്ടിന്‍  പറ്റങ്ങളുമായ്
കുന്നിന്‍  ചെരുവുകള്‍  കയറിയിറങ്ങി
തളര്ന്നതും
കാട്ടുചെന്നായ്ക്കള്തന്‍  കൂര്ത്തനോട്ടങ്ങളില്‍
പതറാതിരുന്നതും
മുപ്പത് വെളളിക്കനവുകള്‍ .......
ഉമ്മറപ്പടിയില്‍  കുന്തിരിക്ക പുകച്ചുരുള്‍
ഉള്തളങ്ങളില്‍ ഒറ്റുകാര്‍ തന്‍
ഗൂഡ നിശ്വാസങ്ങളും
പഴയമുന്തിരിച്ചാര്‍  പതഞ്ഞൊഴുകുന്ന

പാനപാത്രങ്ങളും....
.............................................
...........................................
കാല്‍വരിക്കുന്നിന്റെ നൊമ്പരം വീണ്ടും
വാനീലുയരുന്നു.....

2012, ഡിസംബർ 1, ശനിയാഴ്‌ച

അമ്മക്കല്ല്യാണം

അമ്മതന്‍  കല്യാണമായിരുനിന്നലെ
വര്ണ്ണ ശബളാഭമാമുടുപ്പിട്ട്
വൃദ്ധയാം മുത്തശ്ശിതന്‍
ചുക്കിചുളിഞ്ഞുതുടങ്ങിയ കൈത്തലം
പിടിച്ചുകൊണ്ടുണ്ണിയും പോയിരുന്നു
കല്യാണം കൂടുവാന്‍....
സ്വര്ണ്ണ വര്ണ്ണമാം പട്ടു പുടവ ചുറ്റി
വെണ്ണിലാവുദിച്ചപോല്‍
ഉണ്ണിതന്‍  പൊന്നമ്മ നില്ക്കുന്നു
കല്യാണ മണ്ഡപത്തില്‍...
കണ്ണിമ ചിമ്മാതെ ഉണ്ണിയമ്മയെത്തന്നെ
നോക്കിനില്ക്കവെ..........
മിന്നുമാ വര്ണ്ണ പതക്കങ്ങളില്‍
തൊട്ടുനോക്കാനായി കൊതിച്ചു
കൈതരിച്ചു മുന്നോട്ടായവേ
കൊച്ചുകൈവിരല്‍  പിടിച്ചു ഞെരിച്ചാരോ
ഉണ്ണിയെ പിന് വലിക്കുന്നു

അച്ഛനെപ്പോലല്ല, മുഖത്തൊട്ടും
രക്തപ്രസാദമില്ലാത്തൊരാള്‍
വന്നമ്മതന്‍  കഴുത്തില്‍
മിന്നുകെട്ടുന്നു
മഞ്ഞച്ചരടുകെട്ടിമുറുക്കുന്നു
അന്യോന്യം വര്‍ണ്ണമാല്യങ്ങൾ ചാര്‍ത്തുന്നു 

പണ്ടെന്നോ  മാഞ്ഞു പോയരാ
കുങ്കുമരേഖതെളിഞ്ഞേതോ
നിഗൂഢ ഭാവത്തില്‍  ഉണ്ണിതന്‍
പൊന്നമ്മ നില്ക്കുവെ........
തിക്കിതിരക്കിലും പെട്ടുണ്ണിയും
പോയി കല്യാണ സദ്യയുണ്ണുവാന്‍
കൊച്ചരി മുല്ലപ്പൂമൊട്ടുകള്‍
വാരിവിതറിയപോല്‍
ചോറുംകറികളും. തേനൂറും മധുരവും
ഒത്തിരി തിന്നൂ വയര്‍  നിറഞ്ഞൂ
പിന്നെ രക്തബന്ധങ്ങള്‍  തന്‍
സ്നിഗ്ധമാം മതില്ക്കെട്ടിനുളളില്‍
ഏറെനേരമോടികളിച്ചു തളര്ന്നൂ

പിന്നെയാരും കാണാതെയാ
മണ്ഡപത്തിന്നരികില്‍  പതുങ്ങി
ചെന്നമ്മതന്‍  വാർമുടിക്കെട്ടിൽ
നിന്നു മടര്ന്നു പോയരാ
പൂക്കള്‍ പെറുക്കി മണത്തുമ്മവെച്ചു നടന്നൂ

ഉച്ചമയക്കത്തിലെപ്പഴോ ഉണ്ണിതന്‍
അച്ഛന്‍  വന്നു വിളിച്ചൂ
ചിത്രകഥാ പുസ്തകം പാത്തുവെച്ചുണ്ണിയെ
ഏറെനേരം കളിപ്പിച്ചൂ
കെട്ടിടം പണിയും ചാന്തുപറ്റി
തഴമ്പിച്ച കൈകള്‍ കൊണ്ടുണ്ണിയെ
എടുത്ത് വട്ടം കറക്കി
പൊട്ടിപ്പൊളിഞ്ഞൊരാ പാട്ടവണ്ടി മേലിരുത്തി
നാടും നഗരവും ചുറ്റിക്കറങ്ങി
കണ്ടകാഴ്ചകള്‍  കണ്മുന്നിലിപ്പോഴും
മായാതെനില്ക്കുന്നു....

എന്നാലെന്തന്നറിയില്ലൊരുരാത്രി
മച്ചിന്റെ മേലൊരുകുറുകല്‍  കേട്ട്
ഉണ്ണിയുമമ്മയും പെട്ടന്നു ചെന്നങ്ങെ-
ഴുനേറ്റുനോക്കുമ്പോള്‍
ഉത്തരത്തിലിളകിയാടും കഴുക്കോലിലൊന്നില്‍
കെട്ടിയിട്ടമ്മതന്‍  ചിത്ര വര്ണ്ണ പുടവയില്‍
അച്ഛനാടികളിക്കുന്നു.
ഒച്ച ബഹളത്തിനിടയില്‍
കൊച്ചുമരക്കത്തി കൊണ്ടുവന്നാരോ
അച്ഛനെ നിലത്തറുത്തിടുന്നു
ശിരസ്സുടഞ്ഞേതോ മണ്പ്രതിമ പോല്‍
അച്ഛന്‍  താഴത്ത് കിടക്കുന്നു....
.
അച്ഛനെ ചുട്ടെരിച്ചാ മണ്തടങ്ങളില്‍
നോക്കി നില്ക്കവെ ഇപ്പൊഴും
കാറ്റില്‍  നാലുകാലിലാടിത്തളര്ന്നച്ഛന്‍
വരുന്നപോലൊച്ച കേള്ക്കാം

ഇന്നേറെ നാള്ക്കു ശേഷം
അച്ഛന്‍  കിനാവില്‍  വന്നു വിളിച്ചതുകേട്ട്
 ഉണ്ണി ഞെട്ടിയുണരവേ........
കല്ല്യാണമന്ദിരം ശൂന്യമായ് തീര്ന്നിരുന്നു
അഞ്ചാറുപേര്‍  മാത്രം ബാക്കിയായി
ഉണ്ണി മിഴിതുറന്നമ്മയേ തിരയവേ
എന്നെയും കൂട്ടാതമ്മപോയോ
എന്നുകരഞ്ഞു നിലവിളിക്കേ.....
മുത്തശ്ശിതന്‍  വൃദ്ധശരീരം വന്നുണ്ണിയെ
കെട്ടിപ്പിടിക്കുന്നു
അശ്രുകണങ്ങള്‍ കവിള്ത്തടങ്ങളില്‍
വീണു പൊട്ടിച്ചിതറിച്ചുകൊണ്ട്
മുത്തശ്ശി ചൊല്ലുന്നു
ഉണ്ണിയെ ഉണര്ത്താതെ
ഉണ്ണിക്കവിളിലൊരുമ്മ തന്നിട്ടാണമ്മ
പോയതത്രേ........

അമ്മയിനി വരില്ലിനി ഇപ്പോഴെന്നും
പുത്തനാമച്ഛനു മൊന്നിച്ചിന്നുതന്നെ
നഷ്ട ജീവിത സൌഭാഗ്യങ്ങള് തേടി
ദൂരെയേതോ ദിക്കിലേക്കു പറക്കുകയാണത്രെ
ഇന്നിനി മുതല്‍ ഉണ്ണിതന്‍ അമ്മ
മുത്തശ്ശിയത്രെ ......!

ഉള്ത്തടാകത്തിലേതോ സങ്കടത്തോണി
ഒറ്റക്കിറക്കി തുഴഞ്ഞുണ്ണി നില്ക്കേ.....
വൃദ്ധമാതാവിന്‍ ഹൃത്തടത്തില്‍ നിന്ന്
പാല്‍ ചുരന്നൊഴുകുന്നതിന്‍
 തപ്ത നിശ്വാസം കേട്ടുണ്ണി
വൃദ്ധ നര വിയര്പ്പില്‍ വീണൊട്ടി കിടക്കുമാ
ശുഷ്കിച്ച മാറിലേക്കു മുഖം പൂഴ്ത്തുന്നു
................................................
..................................................
അമ്മതന്‍  കല്യാണമായിരുനിന്നലെ
ഉണ്ണിയും പോയിരുന്നു....

**********************************************

2012, നവംബർ 28, ബുധനാഴ്‌ച

കഴുവേറി........


 തൂക്കുമരങ്ങള്‍  പൂത്തൊരു കാലം...
കാറ്റുപറഞ്ഞു നടന്നൂ
പൂത്തു തളിര്ത്തതും
കായ്ച് പഴുത്തതും
 കൊഴിഞ്ഞതടര്ന്നതും
ഞാനേ...ഞാനതറിഞ്ഞില്ല
കലപില കൂട്ടി കൊത്തിവലിക്കാന്‍
കാക്കകാലുകള്‍  പോലും വന്നില്ല
കൊടിയവിഷത്തിന്‍  കൊത്തരി
കൊത്തി വിഴുങ്ങാനാവില്ല
കൊടിയടയാളങ്ങള്‍  കണ്ടില്ല
മൊട്ടകഴുകന്മാരവര്‍ വട്ടം ചുറ്റിനടപ്പൂ
ചോരക്കണ്ണുകള്‍ , തീപ്പന്തങ്ങള്‍
കഴുമരമേറിയ കഴുവേറി
നിന്‍ കഴിഞ്ഞചരിത്രം കേള്ക്കേണ്ട
പേ പിടിച്ചൊരു ചെന്നായ്ക്ക്
പ്രേതംകേറിയതെങ്ങനെയെന്നാരും
ഓര്ത്തു തപിക്കേണ്ടാ
പട്ടാപ്പകലൊരുനാള്‍  പട്ടിണിമാറ്റാന്‍
വന്നതുപോലും...
പൊട്ടിയ പട്ടം മാതിരി
വന്നു മദിച്ചു പുളഞ്ഞൊരു വീര്യം
തോക്കിന്‍ കുഴലുകള്‍  തുപ്പിയ തീയുണ്ടകളില്‍
തകര്ന്ന ചങ്കിന്‍  കൂടുകള്‍  കാണാം
ഒന്നല്ലൊരുനൂറ്ററുപത്
പൊട്ടിച്ചിതറിയ സ്വപ്നങ്ങള്‍ ....
.......................................
........................................
കഴുമരമേറിയ കഴുവേറി
ഇല്ല ഇല്ല മാപ്പില്ല......
നിന്‍  ചരിത്രത്താളിനുപോലും മാപ്പില്ല






തൂക്കുമരങ്ങള്‍ പൂക്കും മുമ്പ്

 മരണമല്ല .......നിയമവ്യവസ്ഥയുടെ ഉപചാരങ്ങളേറ്റ് മരണം കാത്തുകാത്തുളള ആ മരവിച്ച നില്പ് അതി ഭയാനകം തന്നെ

തൂക്കുമരത്തിനു ചോട്ടില്
മരണക്കുടുക്കിനു മുന്നില്‍  നിര്ത്തി
എനിക്കുളള കുറ്റ പത്രം വായിച്ചു
ഒരിക്കല്‍  കൂടി.......
നീതിപാലകന്റെ സ്വരം
എന്നോടുളള കുമ്പസാരം പോലെ തോന്നി

ഒന്ന്
നീ ഗുഹാന്തര്‍ ഭാഗങ്ങളിലെ ഇരുട്ടുപോലെ
ഒറ്റുതാവളങ്ങളില്‍
ഒരു വേട്ടപ്പട്ടിയെപ്പോലെ എപ്പോഴും മുരണ്ടു കിടന്നു
നിന്നെ സദാ ചോര മണത്തു




രണ്ട്
ലഹരിയുടെ നുരഞ്ഞു പൊന്തലില്‍
സിരകളില്‍  ശൈത്യമുറഞ്ഞുപോയെന്നുറച്ച്
തീകായാനെന്നവണ്ണം
നീ നിന്റെ ഭാര്യയെ
വിറകുകൊളളിപോല്‍  ചുട്ടെരിച്ചു
ഒരിക്കല്‍  പ്രണയ ചുംബനങ്ങള്‍  കൊണ്ടു മൂടിയ
ആ മുഖം..............
പക്ഷെ കബന്ധത്തിന്റെ തലയറുത്ത്
നീ പുഴയിലെറിഞ്ഞു

മൂന്ന്
വസന്തമെത്തുന്നതിനു മുമ്പേ
നിന്റെ തന്നെ ചോരയുടെ പൂക്കള്‍
അടര്ത്തിയെടുത്ത്, കശക്കി ഞെരിച്ച്
അധര്മ്മ ചാരികളുടെ പ്രാര്ത്ഥനാലയങ്ങള്ക്കു
മുമ്പില്‍  കാഴ്ചവെച്ചു

നാല്
നേര്‍പെങ്ങളുടെ നഗ്നത പകര്ത്തി
വേട്ടയാടാനായി വിട്ടു കൊടുത്തു

അഞ്ച്
അടുത്ത ഇര താന്‍  തന്നെയെന്നുറപ്പിച്ച്
നിന്റെ പെറ്റമ്മ ജീവനൊടുക്കി

ആറ്, ഏഴ്, എട്ട്.....................
കുറ്റപത്രത്തിലെ വാക്കുകള്‍  കറുത്തു കുറുകി
അവസാനമില്ലാത്ത ഒരോവു ചാല്‍  പോലെ
ഒഴുകി കൊണ്ടേയിരുന്നു
തൂക്കുമരത്തില്‍  പൂത്തു തളിര്ക്കാന്‍
പഴുത്തടരാന്‍
നീ അര്‍ഹന്‍ തന്നെ .......
നിയമപാലകന്റെ സ്വരം
നേര്ത്തു നേര്ത്തസ്തമിച്ചു
കൊടിയ നിശബ്ദത..........
ഒരു പതിയാക്രമണത്തില്‍
ഒരു വാള്മുനയുടെ മിന്നല്‍  പിണരില്‍
ഒരു തോക്കിന്‍ കുഴലിന്റെ ഗര്ജ്ജനത്തില്‍
പൂക്കുലപോലെയുളള ഒരു പൊട്ടിച്ചിതറലില്‍
ഞാന്‍  അലിഞ്ഞലിഞ്ഞ്
ഇല്ലാതാകുമെന്നാണ് വിചാരിച്ചത്
മരണത്തെ ഞാന്‍  ഭയപ്പെട്ടിരുന്നതേയില്ല
പക്ഷെ നിയമത്തിന്റെ ഉപചാരങ്ങളേറ്റ്
മരണത്തെകാത്തു കാത്തുളള ഈ മരവിച്ച നില്പ്
അസഹ്യം തന്നെയത്.......
കഴുമരക്കാരന്‍  എന്റെ പ്രാണന്റെ
പച്ചിലകളിലേക്കു
ഒരു കഴുതനോട്ടം നോക്കി
 ഞാനൊന്നു പിടഞ്ഞു....
പ്രാണന്റെ പിടച്ചില് ഞാനാദ്യമായറിഞ്ഞു
കണ്ണടച്ചൊന്നു പ്രാര്ത്ഥിക്കുക
ഇരുള്‍  വന്ന് മൂടാന്‍ പോകുകയാണ്
കുറെ രാത്രികളായ് ഞാനൊന്നുറങ്ങിയിട്ട്

ഇരുട്ടില്‍  നിന്നൊരായിരം കൈകള്‍
എനിക്കുനേരെ തുറിച്ചുയരുന്നു
പ്രകാശ വൃക്ഷങ്ങള്‍ കറുത്തകാറ്റില്‍
നിലം പതിക്കുന്നതിന്റെ  ഒച്ച....
വരണമാല്യം പോലെ എന്നെ കാത്തിരിക്കുന്ന
ഈ വൃത്തവലയത്തിലൂടെയാണങ്കിലും
ആകാശത്തിന്റെ ഒരു കീറുകാണാന്‍
എനിക്ക് കൊതിയാവുന്നു
മഴനനഞ്ഞെനിക്കൊന്ന് പനിച്ചു കിടക്കണം
പക്ഷെ.............

ആരോ വന്നന്നെ   ഇരുള്‍  മൂടി ധരിപ്പിച്ചു
ഞാനോ ഇരുകൈകളും ബന്ധിച്ചുരുടല്‍
ഇരുണ്ട ഗുഹാമുഖത്ത് കുടുങ്ങി....അങ്ങനെ.
 ഇരുളില്‍  നിന്ന് ഒരുപതിയാക്രമണത്തിനായ്
ആ കഴുമരക്കാരന്‍  കഴുവേറി എവിടെയോ
പോയൊളിച്ചിരിക്കുന്നു.
ഒരു ഘടികാരസൂചിയുടെ ഹൃദയസ്പന്ദനം മാത്രം
ഇരുളിലും എനിക്കു കേള്ക്കാം
ടിക്...ടിക്.....ടിക്...ടിക്.....ടിക്...ടിക്




2012, നവംബർ 21, ബുധനാഴ്‌ച

ഉത്സവമേളം





ഓണാട്ടുകരയിലെ ക്ഷേത്രോത്സവങ്ങളുടെ പ്രധാന ഭാഗമാണ് കെട്ടുകാഴ്ചകള്. ഓച്ചിറ പരബ്രപ്മ ക്ഷേത്ര സന്നിധിയില് ഇരുപത്തിയെട്ടാം ഓണത്തിന് നടക്കുന്ന വമ്പിച്ച കെട്ടുത്സവത്തോടെ അതിന് തുടക്കം കുറിക്കുന്നു. പിന്നീടങ്ങോട്ട്  മേടമാസം അവസാനം വരെ ഓരോ പ്രദേശത്തിന്റെയും ഉത്സവങ്ങളാണ്. ചെറുതും വലുതുമായ ഉത്സവങ്ങള്.  കെട്ടുകാളകളുടേയും, കുതിരകളുടേയും, പല ഭാവത്തിലും വലിപ്പത്തിലുമുള്ള എടുപ്പുകള്    നാട് ചുറ്റിച്ച് ദൈവങ്ങളുടെ മുന്നില് അണിനിരത്തുന്നു. ഒരു വശത്ത് ആര്ഭാടവും, ദൂര്ത്തും. മറുവശത്ത് ഒരു പ്രദേശത്തിന്റെ സംസ്കൃതിയുടേയും, കൂട്ടായ്മയുടേയും,അടങ്ങാത്ത ഊര്ജ്ജ പ്രഭാവത്തിന്റേയും ദൃശ്യവിരുന്ന്.കുട്ടികളാണ് ഇത്തരം ഉത്സവങ്ങളുടെ ഏറ്റവും വലിയ ആസ്വാദകര്. കൊച്ചു കുട്ടികള്ക്കും, ഇപ്പോഴും കുട്ടിത്തം മസസ്സില് സൂക്ഷിക്കുന്നവര്ക്കുമായി ഇതാ ഒരു കുട്ടിക്കവിത


കൊച്ചുമാമൂട്ടിലമ്പലത്തിലിന്നുത്സവം
കൊച്ചു കാളകള്‍  നാലെണ്ണം
കാച്ചി തിന്നൂല .....കാടികുടിക്കൂല
പട്ടു ചുറ്റിയൊരുക്കുന്നു കുട്ട്യോള്
പൊട്ടുകുത്തി മിനുക്കുന്നു
കൊച്ചീന്നെത്തിയ ഫ്ലോട്ടുകള്‍  മൂന്ന്
ഉച്ചക്കിത്തിരി  പുത്തരിച്ചോറും
പരിപ്പും പപ്പടോം.....
അവിയല്, തോരന്‍ , തീയല്‍ കറിയും
പച്ചടി, കിച്ചടി, അച്ചാറും
എരിശ്ശേരി, പുളിശ്ശാരി, സാമ്പാറും
കോഴിക്കാലും, കരിമീന്‍  വറുത്തതും
വെള്ളട പ്രഥമനും, പൂവന്‍  പഴവും
ആഹാ...എന്തൊരു മേളം
ഉച്ച കഴിയുമ്പോള്‍ ........
ചെണ്ടമേളം, ചേങ്ങില മേളം
കൊട്ടും, കുഴല്‍  വിളി താള മേളം
ഊത്താം പെട്ടി ഉടുക്ക് പെട്ടി
കിങ്ങിണിപ്പെട്ടി, കിലുക്കാം പെട്ടി
ഐസ്ക്രീം പെട്ടി.....കിണി..കിണിപ്പെട്ടി
ആനപ്പുറത്തേറി ആറാട്ട്
അംഗനമാരുടെ താലപ്പൊലിയും
അതുകഴിഞ്ഞയ്യയ്യാ വെടിക്കെട്ടും
ആര്പ്പുവിളി, കരഘോഷം
എല്ലാം കഴിഞ്ഞപ്പോള്‍
അച്ഛന്റെ കൈയിലെ കാശും പൊട്ടി
അമ്മേടെ കയ്യീന്ന് തല്ലും കിട്ടി
( അമ്പലം കമ്മിറ്റിക്കാര്‍ക്കടിയും കിട്ടി......!! )

2012, നവംബർ 15, വ്യാഴാഴ്‌ച

രണ്ടാം വരവ്


സുയോധനന്‍ .....അസൂയയുടേയും,അഹംഭാവത്തിന്റേയും, വിദ്വേഷത്തിന്റേയും, പകയുടേയും,ആത്മ നിന്ദയുടേയും, അനുസരണക്കേടിന്റേയും...........അങ്ങനെ സകല നിഷേധഭാവങ്ങളുടേയും പ്രതിരൂപമായ മഹാഭാരത കഥയിലെ പ്രതിനായകന്‍ .എങ്കിലും എല്ലാ തിന്മകള്ക്കു പിന്നിലും ഒരു നീതി ശാസ്ത്രമുണ്ടായിരുന്നില്ലേ....15 വര്ഷങ്ങള്ക്ക് മുമ്പ് കുങ്കുമത്തില്‍  പ്രസിദ്ധികരിച്ച കഥ

സുയോധനന്‍ മഞ്ഞുരഞ്ഞ പാതയില്‍  ഒരു പേക്കിനാവായിഹസ്തിനപുരിയിലേക്കുളള രാജപാതയിലൂടെ ഭ്രാന്തമായ വേഗതയില്‍ അലഞ്ഞു നീങ്ങി. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞുളള നാലാമത്തെ  രാവും ആദ്യത്തെ അമാവാസിയുമായിരുന്നു അന്ന്. യുദ്ധത്തിന്റെ   അവസാനം ഭീമസേനന്‍ തന്റെ തുടകളും, വൃഷണങ്ങളും തല്ലിത്തകര്ത്ത് സ്യമന്തപഞ്ചകം തടാകക്കരയിലെ വെളള മേഘങ്ങള്‍  പോലെ പരന്നു കിടന്നിരുന്ന മണല്‍പ്പരപ്പിലേക്കു മലര്ത്തുമ്പോഴും അയാള് ഒടുങ്ങാത്ത വിദ്വേഷത്തിന്‍റെയും, പകയുടെയും കനലില്‍ എരിയുകയായിരുന്നു . കുരുക്ഷേത്ര ഭൂമിയില്‍ രക്തവും, ചലവുമൊലിപ്പിച്ച് ,ഉറുമ്പരിച്ച് നാഴികകളോളം തിരിഞ്ഞു നോക്കാന്‍ ആരുമില്ലാതെ ആ ജഢം അവിടെത്തന്നെ കിടന്നു.യുദ്ധത്തില്‍ ജയിച്ച പാണ്ഡവര്‍  തന്‍റെ ജഢം വിവസ്ത്രമാക്കി, തൂക്കുമരത്തിലൂഞ്ഞാലാട്ടി ഹസ്തിനപുരിയുടെ കവാടത്തിന് മുമ്പില്‍ പ്രദര്ശിപ്പിക്കുമെന്നാണ് അയാള്‍  വിചാരിച്ചത്. പക്ഷെ എന്തുകൊണ്ടോ...... അതുണ്ടായില്ല. കൃഷ്ണന്‍ അതിനു സമ്മതിച്ചു കാണില്ല.
കൃഷ്ണാ വലിയ നീതിമാനും, ധര്മ്മിഷ്ഠനുമെന്ന് ലോകം കൊട്ടിഘോഷിക്കുന്ന നീ കുരുവംശത്തോട് ചെയ്ത  ഒരേയൊരു നീതി അതു മാത്രമായിരിക്കണം.അതിന്റെ പേരില്...അതിന്റെ പേരില് മാത്രം.... കൌരവരുടെ വരും തലമുറകള് എന്നെന്നും നിന്നോട് കടപ്പെട്ടിരിക്കും.....തന്റെ ജഡം കിടന്നിടത്ത് അയാള്‍  ഇപ്പോള്‍  ഉയിര്ത്തെഴുനേല്ക്കുമ്പോള്‍ത്തന്നെ    കുറുനരികള് അയാളുടെ ജനന സമയത്തെന്നതു പോലെ ദിഗന്തങ്ങള്‍  പൊട്ടുമാറുച്ചത്തില് ഓരിയിടുകയും, കൂറ്റന്‍  ശവം തീനി കഴുകന്മാര്‍  ചിറകടിച്ച്  ശബ്ദമുണ്ടാക്കുകയും ചെയ്തു.
ഈ രണ്ടാം വരവിന്റെ ലക്ഷ്യവും പഴയതു തന്നെ. പ്രതികാരം ചെയ്യണം.ഹസ്തിനപുരിയിലെത്തി ദ്രൌപതിയുടെ ഊഴക്കാരനില്‍ പ്രവേശിക്കണം.പിന്നെ അയാളവളെ പ്രാപിക്കുന്ന വേളയില്‍ ഒരു ബീജരേണുവായി ദ്രൌപതിയുടെ ഗര്ഭപാത്രത്തില്‍ തൂങ്ങണം. അതിലുണ്ടാകുന്ന മുടിയനായ സന്തതി പാണ്ഡവകുലത്തിന്റെ സരവ്വ നാശത്തിനും വഴി തെളിക്കണം.പാഞ്ചാലിയും , അവളുടെ ഭര്ത്താക്കന്മാരും അതു കണ്ടു നീറിപ്പിടയണം. സുയോധനന്‍ വീണ്ടുമൊരങ്കത്തിന്‍റെ ബാല്യത്തിലാണ്......അതിനയാള്‍  അടുത്ത പൌര്ണ്ണമിക്ക് തലേരാവു വരെ ഹസ്തിനപുരിയില്‍ തന്നെ കാത്തു കിടക്കും
 രാജപാതയിലൂടെ നടന്ന് നീങ്ങുമ്പോള് സുയോധനന്‍ ഒരു മനുഷ്യന്റെ നിഴലനക്കം കൂടി കേട്ടില്ല.പാതയോരത്തെ വൃക്ഷത്തലപ്പുകളില്‍ നിന്നും മഞ്ഞു പൊഴിയുന്ന ശബ്ദം കേള്ക്കാം.ഒരിക്കലും പൊറുക്കാന്‍ വയ്യാത്ത രീതിയില്‍ ചീവീടുകള്‍  കരയുന്നുണ്ടായിരുന്നു.പേ പിടിച്ച മനസ്സുമായുളള ഈ യാത്രയില്‍ ആദ്യമായും അവസാനമായും കണ്ടു മുട്ടിയ മനുഷ്യ ജീവി കുരുക്ഷേത്ര ഭൂമിയില്‍ വെച്ചു കണ്ടു മുട്ടിയ ആ കുതിരക്കാരന്‍ കിഴവന്‍ സ്വാലന്‍ ( അതിരഥന്‍ ) മാത്രമായിരുന്നു.അയാളാകട്ടെ ഒരു മുഷിഞ്ഞ ഭാണ്ഡക്കെട്ടു കിടക്കുന്നതുപോലെ കര്ണ്ണന്റെ തേരു താഴ്ന്നിടത്തിരുന്ന് പൊട്ടിക്കരയുകയായിരുന്നു.കര്ണ്ണന്റെ നെഞ്ചില്‍ നിന്നുതിര്ന്ന രക്തം അല്പം മാറി അപ്പോഴും ഹസ്തിനപുരിയിലെ ഏതോ ഛായാ ചിത്രം പോലെ കട്ട പിടിച്ചു കിടപ്പുണ്ടായിരുന്നു.അതു കണ്ടപ്പോള്‍  തന്റെ ഹൃദയം അസഹ്യമായ വേദനയാല്‍  പൊട്ടിത്തകര്ന്ന്  പോകുന്നതു പോലെ ദുര്യോധനന് തോന്നി.കണ്ണുകള്‍ അയാള്‍  അറിയാതെ ഈറനായി. അടുത്ത ക്ഷണത്തില്‍ അതൊരു ലാവാ പ്രവാഹമായി ഇരമ്പി.
'പ്രിയ കര്ണ്ണാ എല്ലാവരാലും വെറുക്കപ്പട്ട ഈ ദുര്യോധനനെ സ്നേഹിക്കുവാനും, ദുര്യോധനന് സ്നേഹിക്കുവാനും നീയല്ലാതെ മറ്റാരാണുളളത്. ഒരു പൊട്ടക്കണ്ണന്‍ പിതാവിന്റെ മകനായി ജനിച്ചു പോയതിനാല്‍ ലോകം മുഴുവന്‍ പരിഹസിക്കുമ്പോഴും വിഡ്ഢിയാക്കി പരിഹസിക്കുമ്പോഴും കര്ണ്ണാ നീമാത്രമെന്തിന് നിന്റെ ആത്മാവും ശരീരവും സ്വമനസ്സാലെ എനിക്കു നല്കി.കര്ണ്ണനെക്കുറിച്ചോര്ക്കും തോറും തന്റെ ഹൃദയം ഒരു ക്ഷത്രിയന് ചേരാത്ത വിധത്തില്‍ കൂടുതല്‍ കൂടുതല്‍ ദുര്ബലമാകുന്നതു പോലെ ദുര്യോധനന് തോന്നി.
പൊടുന്നനെ രാജപാതയുടെ അറ്റത്തായി കുതിരകളുടെ മൃദുവായ കുളമ്പടി ശബ്ദവും, ഛിന്നം വിളിയും കേട്ടു തുടങ്ങി.ദുര്യോധനന്‍ ഒരു നോക്കുകുത്തിയെപ്പോലെ മിഴിച്ചു നില്ക്കെ ചെറിയ മണ്കുടങ്ങള് നിറച്ച നൂറ്റിയൊന്നു കുതിര വണ്ടികള്‍  വളരെ സാവധാനം അയാളക്കു മുന്നിലുടെ കടന്നു പോയി. നാളയാ ചെറിയ മണ്കുടങ്ങളില്‍ യുദ്ധത്തില്‍ മരിച്ചുപോയ ഭടന്മാരുടെ ചിതാഭസ്മം ശേഖരിക്കപ്പെടും.
ധര്മ്മപുത്രരെന്ന് കൊട്ടി ഘോഷിക്കപ്പെടുന്ന യുധിഷ്ഠിരന്‍ നാളെ അതിലൊരെണ്ണം എടുത്ത് കൊട്ടി നോക്കിയിട്ട് ഇങ്ങനെ പറയും 'ഛെ ..ഛെ മഹാമോശം. ഇതെല്ലാം പവിത്രമായ ഗംഗയിലത്തന്നെ ഒഴുക്കി മലിനമാക്കണമോ ?'...സര്‍വ്വാധരണീയരായിരുന്ന ഭീക്ഷ്മപിതാമഹനേയും, ഗുരു ദ്രോണരേയും  വരെ ചതിച്ചു കൊല്ലാന്‍ അയാള്‍  കൂട്ടു നിന്നു.ചതിക്കും വഞ്ചനയ്ക്കും താരാട്ടാ പാടിയ ഒരു ധര്മ്മിഷ്ഠന്‍. ചിലപ്പോള്‍ ഉറ്റവരും, ഉടയവരും എല്ലാം, എല്ലാം നഷ്ടപ്പെട്ട് കടുത്ത ദുഖ ഭാരത്താല്‍ ഗൃഹസ്ഥാശ്രമം വെടിയാനൊരുങ്ങുന്ന പഴയ ആ പൊട്ടക്കണ്ണന്‍ രാജാവിനും, ഭാര്യക്കും ധരിക്കാനായി വിലകൂടിയ രുദ്രാക്ഷവും, മരവുരിയും വരുത്തിയെന്നിരിക്കും. അയാളുടെ ഒരു രാജനീതി. ദുര്യോധനന്‍ സരവ്വ ശക്തിയുമെടുത്ത് നിലത്ത് ആഞ്ഞു ചവിട്ടാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. കൂടുതല്‍ ചിന്തിക്കും തോറും കോപം ഒരു കറുത്ത നദിയായി മസ്തിഷ്കത്തിലേക്ക് ഇരച്ചു കയറുകയാണ് ... കോപാഗ്നിയില്‍  അവശേഷിക്കുന്ന ആത്മാമാവുകൂടി എരിഞ്ഞടങ്ങുന്നതു പോലെ ......
അടുത്ത നിമിഷത്തില്‍ നാലുദിക്കുകളും മുഴങ്ങുമാറുച്ചത്തില്‍ ദുര്യോധനന് കുതിരക്കാരോടായി അലറി വിളിച്ചു പറഞ്ഞു
'അതില്‍ പതിനാറായിരത്തി ഒന്‍പത് കുടങ്ങള്‍  ആരാന്റെ സന്തതികള്‍ക്ക് അവകാശം ചോദിച്ചെത്തിയ ദ്വാരകയിലെ ആ കളള കൃഷ്ണന് കൊണ്ടുപോയി കൊടുക്കിന്‍...അവന്‍ അവന്റെ പതിനാറായിരത്തിയെട്ട് ഭാര്യമാരെ അതിലിട്ട് പുഴുങ്ങട്ടെ. അവശേഷിക്കുന്ന ഒരു കുടം പാലൂട്ടി താരാട്ടു പാടിയുറക്കിയ യശോധരയമ്മയുടെ നെഞ്ചത്തടിച്ചു പൊട്ടിക്കട്ടെ........
പക്ഷെ ചെറിയ പന്തങ്ങള്‍  തെളിച്ചിരുന്നിട്ടും അവരിലാരും തങ്ങളടെ പഴയ മഹാരാജാവിനെ കാണുകയോ അദ്ദേഹത്തിന്‍റെ ആജ്ഞാധ്വനി കേള്ക്കുകയോ ചെയ്തില്ല. എന്നാല്‍ കുതിരകള്‍  പൊടുന്നനെ വിരളുകയും ഹസ്തിനപുരിയിലേക്കുളള ചുവടുകളുടെ വേഗത കൂട്ടുകയും ചെയ്തു.അവസാനത്തെ കുതിരയുടെ മുരടനക്കവും ദൂരെ  ഒരു ബിന്ദു മാത്രമായി അലിഞ്ഞില്ലാതാകുമ്പോള്‍  രാജവീഥി വീണ്ടും അസ്വസ്ഥത ചൂഴുന്ന നിശബ്ദതയിലേക്കും  കടുത്ത അന്ധകാരത്തിലേക്കും വഴുതി വീണു.എങ്കിലും ദുര്യോധന മഹാരാജാവ് പണ്ട് കൌരവരോട് ഒടുങ്ങാത്ത കൂറുണ്ടായിരുന്ന വീര ശൂര പരാക്രമികളായ ഭടന്‍മാര്ക്ക് പാരിതോഷികമായി നല്കിയ പാതക്കിരു വശങ്ങളിലുമുളള മണിരമ്യ ഹര്മ്മ്യങ്ങളില്‍ അപ്പോഴും ചെറിയ മണ്‍വിളക്കുകള്‍ എരിയുന്നുണ്ടായിരുന്നു. ആ ഭടന്മാരില്‍ ഒട്ടു മിക്കപേരും യുദ്ധത്തില്‍ കൊല്ലപ്പെടുകയോ, അംഗവിഹീനരാക്കപ്പെടുകയോ ചെയ്തിരുന്നു.അവരുടെ യൌവനമൊടുങ്ങാത്ത ഭാര്യമാര്‍  ഒരു നിഴല്‍ പോലും കാണാനൊക്കാത്ത രാത്രിയായിരുന്നിട്ടും ദിനങ്ങള്‍ക്കു ശേഷം രാത്രി സമയത്ത് തങ്ങളുടെ മുന്നിലൂടെ കടന്നു പോകുന്ന പരിക്ഷീണിതനെങ്കിലും ആരോഗ്യ ദൃഡഗാത്രമായ ആ പുരുഷ ചൈതന്യത്തെ തിരിച്ചറിഞ്ഞു. ചിലര്‍  ചെറിയ മണ്‍വിളക്കുകള്‍  തങ്ങളുടെ മുഖത്തിനു നേരെ ഉയര്ത്തിപ്പിടിച്ച് അയാളെ നോക്കി ഗൂഡമായി മന്ദഹസിച്ചു.അവരില്‍ പലരോടും ദുര്യോധനന് ഭോഗതൃഷ്ണയുണ്ടായതാണ്.പക്ഷെ അയാളുടെ അടിവയറിലെ അവസാനത്തെ കുഞ്ഞു ഞരമ്പുകള്‍ പോലും ഒന്നു ചലിക്കുവാന്‍  കഴിയാത്തവണ്ണം ഭീമന്‍റെ ഗദാപ്രഹരത്തില്‍  തകര്ക്കപ്പെട്ടു കഴിഞ്ഞിരുന്നു.ഒരിക്കല്‍ സ്വന്തം പ്രജകളായിരുന്ന സ്ത്രീജനങ്ങളുടെ മുന്നില്‍  താനൊരു പുഴുവിനോളം ചെറുതാക്കപ്പെട്ടിരിക്കുന്നതായി ദുര്യോധനന് തോന്നി.ഷണ്ഢതയുടെ നീറ്റലുമായി അയാള്‍  അസ്ത്രങ്ങളേറ്റ ഒരു വേട്ടനായയെപോലെ കിതച്ചു.
ഹൃദയത്തിനുളളിലെ അവസാനത്തെ പച്ചപ്പും കത്തിയെരിയുകയാണ്.
ഭീമന്‍ .....ഓര്മ്മ വെച്ച നാള്‍  മുതല്‍ നൂറ്റവരുടെ  പേടി സ്വപ്നം.....കിട്ടാവുന്ന അവസരങ്ങളിലെല്ലാം അയാള്‍  കൌരവരെ ദ്രോഹിച്ചു.കൂടുതല്‍ കണക്കു തീര്ക്കാനുളളത് അയാളോടാണ്.ആ മനുഷ്യാധമന്റെ ശരീരത്തിലേക്ക് ഒരു മാറാ രോഗമായി പടര്ന്ന് കയറണം.എല്ലാവരാലും അവഗണിക്കപ്പെട്ട് ശരീരത്തിന്റെ ഓരോ അണുവിലും വേദനയുടെ നീറ്റലുമായയാള്‍  എരിഞ്ഞൊടുങ്ങണം.... ദ്രൌപതി പോലും അയാളെ തളളിപ്പറയണം.അപ്പോഴും ദുര്യോധനന്റെ  മനസ്സിലെ കനല്‍  അണയണമെന്നില്ല
രാജകവാടത്തിലെത്തിയിരിക്കുന്നു.അയാള്‍  ചുറ്റും കണ്ണു മിഴിച്ചു നോക്കി.കല്പടവുകളും ചാരിയിരുന്ന് രണ്ട് ഭടന്മാര്‍  ഉറക്കം തൂങ്ങുന്നുണ്ട്. അവരുടെ നിശ്വാസ ശബ്ദം ഒരു വിറയലോടെ അന്തരീക്ഷത്തില്‍  ചിതറി വീഴുന്നു. യുദ്ധാനന്തരം അവശേഷിക്കപ്പെട്ട പാണ്ഡവ പക്ഷക്കാരെല്ലാം ചേര്ന്ന് തിന്നും കുടിച്ചും രാജവീഥി തോറും കൂത്താടുമെന്നാണ് കരുതിയത്.പക്ഷെ ഇപ്പോഴെങ്ങും ശ്മശാന മൂകത മാത്രം.കൂറ്റന്‍ നരിച്ചീറുകള്‍  ചുറ്റിലും വട്ടമിട്ട് പറക്കുന്നു.ദൂരെ എവിടെ നിന്നോ ഒരു കൂമന്‍ വല്ലാത്ത ശബ്ദദത്തില്‍  ഞരങ്ങി മൂളുന്നു.എണ്ണമറ്റ ചുടലകളുടെ ഗന്ധവും പേറി ആകാശത്തിനു താഴെ ഛിന്ന ഭിന്ന മാക്കപ്പട്ട ഒരു അസ്ഥികൂടം മാതിരി കാര്മേഘങ്ങള്‍  കനത്തു വരുന്നു. പൊടുന്നനെ ഒരു മിന്നല്‍ പിണരിന്‍റെ അകമ്പടിയോടെ മഴ പെയ്തു തുടങ്ങി.മഴത്തുളളികള്‍ക്ക് ചോരയുടെ ഗന്ധം.കാതങ്ങള്‍ക്കുമകലെ കുരക്ഷേത്ര ഭൂമിയില്‍ നിന്ന് കുറുക്കന്‍മാരുടെ ഓരിയിടലുകള് അവിടെയും ഉയര്‍ന്ന് കേട്ടു.
ദുര്യോധനന്‍ ഭടന്മാരെയും മറികടന്ന് കൊട്ടാരത്തിലാക്കു നടന്നു. കൌരവരുടെ ഒരാശ്രിതനെപ്പോലും അയാള്ക്ക് അവിടെയെങ്ങും കാണാന്‍  കഴിഞ്ഞില്ല. കൊട്ടാരത്തിന്‍റെ അകത്തളത്തില്‍  ഒരു തൂക്കു കട്ടിലില്‍ അടര്ത്തിമാറ്റപ്പെട്ട ഒരു കൂറ്റന്‍ പാറക്കഷ്ണത്തെപ്പലെ ഭീമന്‍ കിടക്കുന്നുണ്ടായിരുന്നു.വെണ്ചാമരം വീശാന്‍ പരിചാരികമായുണ്ടായിരുന്നില്ല.അയാള്ക്ക് വേണ്ടത് സ്വസ്ഥതയാണന്ന് തോന്നും  വിധം കടുത്ത അന്തര്സംഘര്ഷം മുഖത്ത് പ്രകടമായിരുന്നു.കാല്‍  പാദങ്ങള്‍  രണ്ടും നീരുകെട്ടി വീര്ത്തിരുന്നു.ശരീരത്തിന്റെ പലഭാഗത്തും തൊലിയുരഞ്ഞ്, ചോരതിണിര്ത്ത പാടുകള്. അതെല്ലാം തന്റെ ഗദാ താണ്ഡവത്തിന്റെ അനന്തര ഫലമെന്നോര്ത്ത് സുയോധനന്‍  ഉള്‍പ്പുളകം കെണ്ടു. ഭീമന് തന്നെ കാണാന്‍  കഴിയില്ലായെന്നറിയുമായിരുന്നിട്ടും, അയാളുടെ മുന്നിലൂടെ കടന്ന് പോകാന്‍ ദുര്യോധനന് വല്ലാത്ത ജാള യത  തോന്നി.പാര്‍ശവശത്തുളള ഒരു കിളിവാതിലിലൂടെ അയാള്‍  പുറത്തിറങ്ങി.ദൂരെ കുതിരാലയവും കടന്ന് കൊട്ടാരത്തിന്റെ പിന്നിലേക്കു നീങ്ങി.പുറത്ത് കുതിരക്കാര്‍  മഴ നനഞ്ഞു കൊണ്ട് കുതിരകളെ അഴിച്ചു മാറ്റുകയായിരുന്നു
ദുര്യോധനന്‍ ഒരു മഴക്കാറ്റിനൊപ്പം ചെറിയ ഒരു കിളിവാതിലിലൂടെ വീണ്ടും അകത്തു കയറി.അനന്തരം അയാള്‍  ഏതോ ഉള്പ്രേരണയാലെന്ന വണ്ണം കൊത്തുപണികള്‍ ചെയ്ത കരിങ്കല്‍  ചുമരുകളും, കല്പടവുകളും കടന്ന് കൊട്ടാരത്തിലെ ധാന്യപ്പുരയോടു ചേര്ന്നുളള ഒരൊഴിഞ്ഞ കോണിലേക്കു നീങ്ങി.അവിടെ ജീര്ണ്ണിച്ച് തകര്ന്ന  രണ്ടു മരപ്പലകകള്‍  പോലെ ഗാന്ധാരി മാതാവും, വാത്സല്യ നിധിയായ പിതാവ് ധൃതരാഷ്ട്രരും കിടപ്പുണ്ടായിരുന്നു. അവര്‍  ഗൃഹസ്ഥാശ്രമം  വെടിഞ്ഞ് വനത്തിലേക്കു പോകാനുളള തയാറെടുപ്പിലായിരുന്നു.ദുശാഠ്യക്കാരനും,തന്നിഷ്ടക്കാരനുമായ ഒരു പുത്രന് ജന്മം നല്കിയതു കൊണ്ട് മാത്രമാണ് അവരിത്രമാത്രം അനുഭവിക്കേണ്ടി വന്നതെന്നോര്ത്തപ്പോള്‍  സുയോധനന്‍ ഒരിക്കല് കൂടി വേദനയുടെ ശരശയ്യ യില്‍  വീണു. വാര്ദ്ധക്യകാലത്ത് പുത്രന്റെ തണലില്‍ സുഭിക്ഷമായി കഴിയാനാഗ്രഹിച്ച രാജദമ്പതികള്‍  ഇപ്പോള്‍  കരിന്തിരിയണയാറായ രണ്ടു ദീപ നാളങ്ങള്‍  പോലെ ഹസ്തിന പുരിയുടെ ഈ ഒഴിഞ്ഞ കോണില്‍ നീറി നീറി ഒടുങ്ങുകയാണ്.ദുര്യോധനന് വല്ലാത്ത കുണ്ഠിതം തോന്നി.അയാള്‍ അടുത്ത ക്ഷണത്തില്‍  വ്യസനം കൊണ്ട് തളര്ന്ന് ഒരു ശിശുവിനെപ്പോലെ ഗാന്ധാരിയമ്മയോട് ചേര്ന്നു കിടന്നു. തനിക്കു ചുറ്റും കടുത്ത അന്ധകാരമായിരുന്നിട്ടും ഗാന്ധാരി ദേവി തന്റെ കനിഷ്ഠ പുത്രന്റെ  സാമിപ്യം തിരിച്ചറിഞ്ഞു. അവര്‍  അത്യധികമായ വാത്സല്യാതിരേകത്തോടെ സ്വന്തം പുത്രനെ ശരീരത്തോട് ചേര്ത്ത് പൊട്ടിക്കരഞ്ഞു. ഒടുവില്‍ അയാളുടെ ആഗമനോദ്ദേശ്യമറിഞ്ഞിട്ടെന്നവണ്ണം ഗാന്ധാരി മാതാവ് പറഞ്ഞു
"കുഞ്ഞെ നീ മടങ്ങിപ്പോകുക..... പാണ്ഡവരുടെ നേട്ടങ്ങളെ തകര്ക്കുകയാണ് നിന്റെ  ലക്ഷ്യമെങ്കില്‍  ഈ യുദ്ധം കൊണ്ട് ആരുമാരും ഒന്നും നേടിയിട്ടില്ലന്ന് നീയറിയുക. എല്ലാവരും കരകയറാന്‍  കഴിയാത്തവണ്ണം നഷ്ടങ്ങളുടേയും വേദനയുടേയും പടു കുഴിയിലാണ്......."
ദുര്യോധനന്‍ അതു കേട്ടതായി ഭാവിച്ചില്ല. അയാള്‍  പഴയതു പോലെ അനുസരണ കെട്ട കുഞ്ഞായി. ഗാന്ധാരി മാതാവ് എന്നും ഇങ്ങനെയായിരുന്നു.പുത്രന്മാരുടെ ശ്രേയസ്സിനായി പ്രാര്ത്ഥിച്ചിരുന്നെങ്കിലും എന്നും തന്റെ ചെയ്തികളെ നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചിട്ടേയുളളൂ. ദേവതുല്യയായ അവരില്‍ നിന്നും ദ്രോഹ ബുദ്ധിയോടെയുള്ള  ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല.
ദുര്യോധനന്‍ അസ്ഥപ്രജ്ഞയിലാണ്ടു കിടന്നിരുന്ന പിതാവിന്റെ  കാലുകള്‍  തൊട്ടു വന്ദിച്ച് അവിടെ നിന്നിറങ്ങി.പിന്നീട് ചിന്തകള്ക്ക് തീയെരിച്ച് ഭ്രാന്തമായ അഭിനിവേശത്തോടെ അന്തപ്പുരങ്ങളിലും, മുറികളിലും, വിശാലമായ അകത്തളങ്ങളിലും കയറിയിറങ്ങിത്തുടങ്ങി. നേരം പാതിരാ കഴിഞ്ഞിരുന്നിട്ടും ഹസ്തിനപുരിയില്‍ ആരും ഉറങ്ങിയിരുന്നില്ല.അര്ജ്ജുനന്‍ കണ്ണെത്താ ദൂരത്തോളം നീണ്ടു കിടന്ന വെണ്ണക്കല്ലില്‍  തീര്ത്ത ഇടനാഴിയിലുടെ കാട്ടുതീയിലകപ്പെട്ട ഒരു ഹിംസ മൃഗത്തെപ്പോലെ അങ്ങോട്ടും ഇങ്ങാട്ടും നടക്കുന്നുണ്ടായിരുന്നു. വിഷലിപ്തമായ മനസ്സുമായി ദുര്യോധനന്‍  പിന്നെയും പലരേയും തിരഞ്ഞ് ഹസ്തിനപുരിയുടെ ഇടനാഴികളിലൂടെ ഏറെ നേരം അലഞ്ഞു. പക്ഷെ ഹസ്തിനപുരിയില്‍ എല്ലാവരും ശിരസ്സൊന്ന് ഉയര്ത്താന്‍  കഴിയാത്തവണ്ണം പരിക്ഷീണിതരാക്കപ്പെട്ടിരിക്കുന്നു. എന്നും അധികാര മോഹം ഉള്ളിലടക്കി പുറമേ ഒരു താപസിയെപ്പോലെ  നടന്നിരുന്ന  യുധിഷ്ഠിരനാകട്ടെ പഴയരീതിയിലുളള തിരിച്ചുവരവ്  തീര്ത്തും അസാധ്യമാണന്ന് ദുര്യോധനന്‍ ഒരാത്മ നിര്‍വൃതിയോടെ തിരിച്ചറിഞ്ഞു. അയാള്ക്ക് ചുറ്റും യുദ്ധത്തില്‍ കൊല്ലപ്പട്ട ഉറ്റവരും ഉടയവരും ചേര്ന്ന് ഒരിക്കലും ഭേദിച്ച് പുറത്ത് കടക്കാന്‍  കഴിയാത്തവണ്ണം വേദനയുടേയും ആത്മ സംഘര്ഷത്തിന്റെയും പത്മ വ്യൂഹങ്ങള്‍  തീര്ത്തിരിക്കുന്നു. സ്വതേ പ്രസന്ന മുഖന്മാരായിരുന്ന നകുല സഹദേവന്മാരുടെ മുഖങ്ങളില്‍ പോലും അശാന്തിയുടെ കരിനിഴല്‍പ്പാടുകള്‍ . ആ കടുത്ത നിശബ്ദതയിലും അവിടെനിന്നോ കര്ണ്ണനെ ചൊല്ലിയുളള ഒരു വൃദ്ധയുടെ ചിലമ്പിച്ച സ്വരം ഉയര്ന്നു കേട്ടു. വര്ഷങ്ങള്ക്കു മുന്പ് ഏതോ രാജകന്യക മാനഹാനി ഭയന്ന് ചെറിയ പേടകത്തിലാക്കി നദിയിലുപേക്ഷിച്ച ചോരക്കുഞ്ഞ് ഹസ്തിന പുരിയുടെ ഹദയം പിളര്ന്നു കൊണ്ട് അവിടേക്ക് ഒഴുകി വന്നു.
ദുര്യോധനന്‍ അപ്പോഴും തൃപ്തനായില്ല.ആയാള്‍  ദ്രൌപതിയെ തിരഞ്ഞു തുടങ്ങി.ഒരിക്കല്‍  ഒരായിരം കാമനകളുമായി മനസ്സില്‍  കൊണ്ടു നടന്നിരുന്ന രൂപമാണ്ഒരര്‍ത്ഥത്തില്‍  കുരുക്ഷേത്രയുദ്ധത്തിന്റെ മൂലാധാരം ഇവളല്ലാതെ മറ്റാരാണ്.ഇന്ദ്രപ്രസ്ഥത്തിലെ പാണ്ഡവ രാജധാനിയും,അവിടുത്തെ തെളിനീരൊഴുകുന്നതു പോലെ നീണ്ടു കിടന്നിരുന്ന ഇടനാഴികളും, മായികാ പ്രഭാവങ്ങളും  വീണ്ടും കുത്തി നോവിക്കുന്ന ഒരോര്മ്മയായി സ്മൃതിമണ്ഡപത്തിലേക്കു തെളിയുകയാണ്.
അതിഥിക്ക് പിണഞ്ഞ അബദ്ധം രസിച്ച് പരിസരം പോലും മറന്നുളള ആ പൊട്ടിച്ചിരി... പരിഹാസത്തിന്റേയും, അപമാനത്തിന്റേയും അഗ്നി  നാമ്പുകള്‍  മനസ്സിലുടനീളം എരിച്ചു സുയോധനന്‍  അന്തപുരങ്ങളായ അന്തപ്പുരങ്ങളിലെല്ലാം ദ്രൌപതിയെ തേടി അലഞ്ഞു. അവസാനം ദൂരെയൊരു ചിത്രചിമിഴിന്നു താഴെ കൈകളില്‍ മുഖം പൂഴ്ത്തിയിരുന്നു തേങ്ങുന്ന ദ്രൌപതിയെ കണ്ടെത്തി. മടിയില്‍ ഒരു അശുവിനെ പോലെ പുത്ര വധു ഉത്തര കിടക്കുന്നുണ്ടായിരുന്നു
' കൃഷ്ണാ...പ്രിയ കൃഷ്ണാ മാനം കാക്കാന്‍  ഉടയാട പോലും ദാനം നല്കിയ കൃഷ്ണാ നീയെന്റെ പാണ്ഡവരേയും കുഞ്ഞുങ്ങളേയും ഒരിക്കല്‍ കൂടി രക്ഷിക്കുക....'
ദുര്യോധനന്റെ ഹൃദയത്തിലേക്ക് ആശ്വാസത്തിന്റെ ഒരു കുളിര്‍ കാറ്റ് വീശി....അയാളുടെ മനസ്സില്‍ ആഹ്ലാദം നുരഞ്ഞ് പൊന്തി.എങ്ങും എവിടെയും തെളിയുന്നത് വേദനയുടേയും, അസ്വസ്ഥതയുടേയും മുഖങ്ങള്‍  മാത്രം ഗാന്ധാരി മാതാവ് പറഞ്ഞത് എത്രയോ ശരിയാണ്......എല്ലാവരും നഷ്ടങ്ങളുടെ പടു കുഴിയിലാണ്. കുരുക്ഷേത്ര രാജ്യം മുഴുവന്‍ പരസ്പരം ആരും ആശ്വസിപ്പിക്കാന്‍ പോലുമില്ലാതെ അമര്ത്തപ്പെട്ട ഒരു തേങ്ങല്‍ പോലെ നീറിപ്പുകയുകയാണ്. അവിടെ അശാന്തിയുടെ വിത്തുകള്‍  വിതയ്ക്കാന്‍ ദുര്യോധനന്റെ  ആവശ്യമില്ല.എണ്ണിയാലൊടുങ്ങാത്ത മനുഷ്യാത്മാക്കള്‍  അശാന്തിപിടിച്ച് അലഞ്ഞു തിരിയുന്ന മണ്ണാണിത്. ഈ ലോകത്ത് ഇനിയൊരിക്കലും ശാന്തിയും സമാധാനവും ഉണ്ടാകാന്‍ പോകുന്നില്ല.പാണ്ഡവരെ എന്നെന്നും കാത്തു രക്ഷിച്ച അവരുടെ സൂത്രധാരന്, എന്തിന് അയാളുടെ കുലത്തിനു പോലും സ്വയം  രക്ഷയില്ലാതായിരിക്കുന്നു. അതുവരേയും അനുഭവിച്ചിട്ടില്ലാത്ത ഒരാത്മസുഖം  സുയോധനനപ്പോള്‍  ലഭിച്ചു തുടങ്ങി. അയാള്‍  നീണ്ട ഇടനാഴികളും, വിശാലമായ അകത്തളങ്ങളും, കരിങ്കല്‍ത്തൂണുകളും കടന്ന് ഒട്ടും ജാള്യത കൂടാതെ ഭീമന്റെ  മുന്നിലൂടെ പുറത്തിറങ്ങി. പുറത്തപ്പോഴും ആത്മാവിന്‍റെ തേങ്ങല്‍  പോലെ മഴപെയ്യുന്നുണ്ടായിരുന്നു

           ****************************************************************


































2012, നവംബർ 6, ചൊവ്വാഴ്ച

മാസമുറ

ആര്ത്തവ ചക്രം തെറ്റിയ ഭാര്യ ചിണുങ്ങി
അതു തന്നെ.........!.
ചാന്ദ്രമാസങ്ങള്‍  പോലെ കൃത്യമായിരുന്നു എന്റേത്
കൃതയമായ വേലിയേറ്റ വേലിയിറക്കങ്ങള്‍
വൃദ്ധിക്ഷയങ്ങള്‍ ............
പൂര്ണ്ണതയില്‍  നിന്നും അപൂര്ണ്ണതയിലേക്കും
അപൂര്ണ്ണതയില്‍  നിന്നു തിരിച്ചുമുളള
ഒരു അധര്മ്മ ചാരിയുടെ തീര്ത്ഥാടനം

ഭര്ത്താവ് കലണ്ടര്‍  നിവര്ത്തിയിട്ട്
ചത്തുമലച്ചുപോയ അക്കങ്ങള്ക്കിടയില്‍
ചിലകാല ഗണിതങ്ങള്‍  നടത്തി
ചിലപ്പോള്‍  വിരലുകളില്‍  ചിലത്
കാണാതെ പോയി
ചിലപ്പോള്‍  പുതുതായൊന്ന്
മുളച്ചു വന്നു
മണലാരണ്യത്തില്‍  മഴപെയ്യുന്നതുപോലെ
സാധ്യതകള്‍  വിദൂരമായ ആകാശം പോലെ
 വിദൂരമെന്ന്‍  നിശ്ചയിച്ചുറപ്പിച്ചു
എന്നിട്ടും........?
ആശങ്കകളുടെ കാര്മേഘങ്ങള്‍
ഒഴിഞ്ഞു പോയതേയില്ല...

ഓഫീസ് മുറിയിലെ  ഫയലുകള്ക്കിടയില്‍
ഒരുപൂച്ചയെപ്പോലെ പതുങ്ങിയിരുന്നയാള്‍
ചിലകോഡു ഭാഷകളില്‍  ഭാര്യയെ വിളിച്ചു
ആയോ..........?
ആയില്ല...അതു തന്നെയെന്നു മറുപടി
ക്ഷണിക്കപ്പെടാതെ  വന്നെത്തുന്ന
അതിഥിയുടെ കാല്‍പ്പെരുമാറ്റം
പടികടന്നു വരുന്ന പ്രാരാബ്ധം
പണിതീരാത്ത വീട്
ഉറയ്ക്കാത്ത ജോലി..
ഉടഞ്ഞ സ്വപ്നങ്ങള്...
ഓട്ടക്കലം പോലെ കീശ..

വീണ്ടും സന്ദേഹങ്ങളുടെ ആഴക്കടലില്‍
മുങ്ങിത്താഴവെ
ചതുരവടിവൊത്ത ഒരു കൊച്ചു കാര്ഡിന്റെ
നാഭിച്ചുഴിയില്‍  ലവണജല മിറ്റിച്ച് ഭാര്യ നില്ക്കുന്നു
ഒരു മായാജാലക്കാരിയെ പ്പോലെ
നോക്കി നോക്കി നില്ക്കെ
മൂടല്‍  മഞ്ഞുവന്നു നിറഞ്ഞു
ശോണരേഖ പോലെ ഒരു കുഞ്ഞികൈ
തെളിയുന്നു.......
ഒരു ചോദ്യ ചിഹ്നംപോലെ അയാളും
ഉഷ്ണപേടകത്തില്‍  നിന്നുയര്ന്ന്
 ആ കുഞ്ഞികൈ മറ്റൊരു ചോദ്യമായി
 വന്ന് തുറിക്കുന്നു..

മകനേ(ളേ) മാപ്പ്..........
ജനിമൃതികളുടെ തടവറകളില്‍ 
നിന്നെ തളച്ചതിന്,
ജരാനരകളുടെ വിഹ്വലമായ
തീരങ്ങളിലേക്ക്  നയിച്ചതിന്
ദുരിതക്കയത്തിലേക്ക് വലിച്ചിട്ടതിന്
ശോകവൃക്ഷങ്ങളുടെ തണലില്‍
ഒരു ചാവേറിനെപ്പോലെ നിര്ത്തിയതിന്
ഒടുങ്ങാത്ത ജീവിതാസക്തിയില്
ഒരു അച്ഛനു പറ്റിപ്പോയ  പിഴ
ഒരു വലിയ പിഴ .........
മാപ്പ്....മാപ്പ്






2012, ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

ഗ്യാസ് സ്റ്റൌ

( ഒരു ഇരുപത്കാരന്‍ പതിനേഴ് വര്ഷങ്ങള്ക്ക് മുമ്പ് നടത്തിയ സര്ഗ്ഗാന്വേഷണ പരീക്ഷണങ്ങളുടെ ഫലമാണ് ഈ കഥ. അന്നത്തെ കേരളത്തിലെ ഒരു ഇടത്തരം ഗ്രാമത്തിന്റെ സാമൂഹികവും, സാമ്പത്തികവും, മനശാസ്ത്ര പരവുമായ പശ്ചാത്താലത്തിലാണ് ഈ കഥ എഴുതിയിട്ടുളളത്. 1996 ആഗസ്റ്റില് കുങ്കുമം വാരികയില്‍ പ്രസിദ്ധീകരിച്ചു . ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ എന്റേതായി ആദ്യമായി അച്ചടിച്ചു വന്ന കഥ.....ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം പത്രാധിപന്മാരെ പ്രീതിപ്പെടുത്തുക എന്നത് ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനേക്കാള്‍ ദുഷ്കരമായിരുന്ന കാലം. ഇന്നും ഏതാണ്ട് അങ്ങനെയൊക്കെ തന്നെ....പക്ഷെ ആരെങ്കിലും വായിച്ചു പോലും, ഇല്ല പോലും.... ഇന്ന് നമുക്ക് ആത്മപ്രകാശനത്തിന് ബ്ലോഗുകളുണ്ട്. ആരുടേയും അനുവാദത്തിന് കാത്തു നില്ക്കേണ്ടതില്ല....ബ്ലോഗെഴുത്തിനോടുളള എല്ലാ ആദരവും നിലനിര്ത്തി കൊണ്ടു പറയെട്ടെ.....കഥയോ കവിതയോ അയച്ചുളള ആ കാത്തിരിപ്പ്....പോയ വേഗത്തിലുളള അതിന്റെ മടങ്ങി വരവ്,... നാണക്കേട് ,നിരാശ,  ആത്മസംഘര്ഷം.....ഒടുവില്‍ സ്വന്തം പേര് അച്ചടിച്ചുകാണുമ്പോഴുളള പറഞ്ഞറിയിക്കാനൊക്കാത്ത സന്തോഷം...അതൊന്നും ബ്ലോഗ് എഴുത്തിനില്ല തന്നെ)
                                                                                            ഒന്ന്

കേവലം രണ്ടര വയസ്സ് പ്രായം മാത്രമുളള ആ ചെറുക്കന്‍ അടുക്കളയില്‍ നിന്നും ഒരു കരിക്കട്ട എടുത്തു കൊണ്ട് വന്ന് ഭിത്തിയിലെന്തോ കുത്തിവരച്ചു വെച്ചു. അവന്‍ ആ രൂപത്തെ കാക്കച്ചി എന്നു വിളിച്ചു. സത്യത്തില്‍ അതിന് ഒരു കാക്കച്ചിയുടെ രൂപമെന്നല്ല വൃത്തികെട്ട ഒരു പന്നിക്കോഴിയുടെ രുപമാണ് ഉണ്ടായിരുന്നത്. ശേഷം അവന്‍ തന്റെ ഇത്തിരിപ്പോന്ന ലിംഗം മുകളിലേക്ക് ഉയര്ത്തിപ്പിടിക്കുകയും കാക്കച്ചിയെ ലക്ഷ്യമാക്കി സര്‍വ്വ ശക്തിയുമെടുത്ത് മൂത്രമൊഴിക്കുകയും ചെയ്തു.അപ്പോഴാണ് അതുവരേയും അടുക്കളയില്‍ തകൃതിയായി ദോശചുട്ടുകൊണ്ടിരുന്ന അമ്മ രാഗിണി നന്ദന്‍ അങ്ങോട്ടേക്കു വന്നത്. ദൈവമേ വൈറ്റുവാഷ് ചെയ്തിട്ടു ഒരുമാസം പോലും തികയാത്ത ഭിത്തിയാണന്നു പറഞ്ഞു കൊണ്ട് അവള് അവന്റെ ചെവി പിടിച്ചു തിരിക്കുകയും, കൈയിലിരുന്ന ചട്ടുകം കൊണ്ട് ചന്തിക്ക് കുത്തുകയും ചെയ്തു. എന്നിട്ടും അവന്‍ മറ്റുകുട്ടികള് ചെയ്യാറുളളതു പോലെ അണ്ണാക്ക് പിളര്ന്ന് കീറിയില്ലന്നല്ല, കൂടുതല്‍ ഉന്മേഷവാനായി മറ്റൊരു കാക്കച്ചിയെ വരയ്ക്കുന്ന പരിപാടിയില്‍ ഏര്പ്പെടുക കൂടി ചെയ്തു.
" നീ നിന്റെ തന്തയെപ്പോലെ വഷളനാണ്...തളള പ്രഖ്യാപിച്ചു ". പയ്യന്‍ കൂസാക്കിയില്ല. അവന്‍ നിലത്തു വീണു കിടന്നിരുന്ന മൂത്രത്തില്‍ ചവുട്ടി ഡാന്സ് തുടങ്ങി. തളള അടുത്ത മാര്ഗ്ഗത്തിലേക്കു കടന്നു.
ഇനിയും നീ കുരുത്തക്കേട് തുടരുകയാണങ്കില്‍ നിന്റെ പൂഞ്ഞിങ്ങ അരിഞ്ഞ് ഞാന്‍ കാക്കക്കിട്ടു കൊടുക്കും
ഇത്തവണ ചെറുക്കനൊന്ന് നടുങ്ങി. അവന്‍ അടി വയറ് തപ്പി പിടിച്ചു കൊണ്ട് അടുക്കളയിലേക്കോടി. ഞൊടിയിടയില്‍ ദോശക്കല്ലിന്റെ കീഴില് നിന്നും ഒരു തീക്കൊളളിയുമായി തളളക്കു നേരെ ചീറിയടുത്തു

രണ്ട്
' കണ്ടില്ലേ....ഇതാണ് ഈ വീട്ടിലെ സ്ഥിതി.പെറ്റ തളളമാരെ തീ കൊണ്ട് കുത്താന്‍ ചെല്ലുന്ന പിളളാര് എവിടെയെങ്കിലുമുണ്ടോ...?
ഇന്നവന്‍ കുത്താനായി ഓങ്ങിയതേയുളളൂ. നാളെയവന്‍ അത് ചെയ്യില്ലാന്ന് ആരു കണ്ടു. ഞാനൊന്നും പറയുന്നില്ല. പറഞ്ഞാല്‍ കൂടിപ്പോകും ചെറുക്കന്‍ അയലത്തെ കണ്ട അലവലാതി പിളളാരുടെ കൂടെ നടന്ന് വഷളായി വരികയാണ്. എന്തിന് അവനെ പറയണം. തന്തയെന്നു പറഞ്ഞൊരുത്തന്‍ അകത്ത് മലരന്ന് കിടപ്പുണ്ട്. അയാള്ക്ക് ഭാര്യയെന്നോ, പിളളാരെന്നോ ഒരു വിചാരവുമില്ല ....അയാള്ക്ക് കുറെനാളായി ഒരു വിചാരമേയുളളൂ. കവിതയെഴുതുക. പിന്നെയത് കീറിക്കളയുക. ഇങ്ങേര്ക്ക് ഇത് എന്തിന്റെ കുറവാണ്. കേട്ടാല്‍ നാലുപേരുടെ മുന്നില് ഞെളിഞ്ഞുനില്ക്കാന്‍ പറ്റിയ
ഒരുദ്യോഗമുണ്ട്. ബാങ്കിലെ അസിസ്ററന്റ് മാനേജര്. ഉടന്‍ തന്നെ പ്രൊമോഷന്‍ കിട്ടിയേക്കും.അല്ല ഒന്നു ചോദിച്ചോട്ടെ ഇക്കാലത്ത് മുണ്ടും ചുറ്റിക്കൊണ്ട് ജോലിക്ക് പോകുന്ന ബാങ്കുദ്യോഗസ്ഥര്‍ എവിടെയെങ്കിലുമുണ്ടോ. പലനാളും കുളിയും നനയുമൊന്നുമില്ല.ഷവറിന്റെ അടുക്കല് ചെന്ന് മേലോട്ട് നോക്കി നില്പാണ്.അവിടെയുമിവിടെയുമൊക്കെ വെളളം കോരിയൊഴിച്ചിട്ടു പുറത്തിറങ്ങും. ആരെ ബോധ്യപ്പെടുത്താനാണ്.കാര്യങ്ങള് ഇങ്ങനെ പോയാല്‍ ഉടന്‍ തന്നെ ഒരു സൈക്യാട്രിസ്റ്റിനെ കാണേണ്ടി വരും.എല്ലാം എന്റെ വിധി . അല്ലാതെന്ത് പറയാനാണ്. ഒരു ബാങ്ക് മാനേജരുടെ വീടെന്നുപറയുമ്പോള് നിങ്ങള് ഏതാണ്ടൊക്കെ വിചാരിക്കുന്നുണ്ടാകും.ഇരുനില മാളിക, കാറ്, ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍........ഏയ് ഇമ്മാതിരികാര്യങ്ങളൊന്നും ഇവിടെ ഇല്ലേ ഇല്ല.....ഇങ്ങേര് ഈ കിട്ടുന്ന കാശൊക്കെ എന്തെടുക്കുകയാണ്. എനിക്കതിനെപ്പറ്റി യാതൊരു വിവരവുമില്ല.ചോദിക്കാന്‍ ചെന്നാല്‍ കടിച്ചു തിന്നാന്‍ വരും. ആകെപ്പാടെ ഈ വീട്ടിലുളളത് പത്തായം പോലുളള ഒരു റേഡിയോയാണ്. ശബ്ദം കേള്ക്കണമെങ്കില്‍ കുറെ തട്ടു കൊടുക്കണം.പിന്നെ പഴകി ദ്രവിച്ച ഈ വീട്. അതിന്റെ കാര്യമാണ് ബഹു രസം. എവിടെ തിരിഞ്ഞാലും അവിടെല്ലാം എലിയും പല്ലിയും, പാറ്റായും, മാത്രം.............
ഇവിടുത്തെ കാര്യങ്ങളങ്ങനെ. ഇനി മാനേജരദ്ദേഹത്തിന്റെ സംബന്ധ വീടിന്റെ കാര്യം പറയാതിരിക്കുന്നതാണ് ഭേദം. എന്റെ തന്ത പ്രൈമറി സ്കൂള് വാദ്ധ്യാരായിരുന്നെങ്കിലും പണം പലിശക്കു കൊടുത്തും, പാലില് വെളളം ചേര്ത്തും കുറെ ഉണ്ടാക്കിയിട്ടിട്ടുണ്ട്. അതിലൊക്കെ എനിക്കും കൂടി അനുഭവാകാശം ഉളളതാണ്.അതെല്ലാം ആങ്ങളമാരും, അവന്മാരുടെ പെമ്പ്രോത്തിമാരും കൂടി തിന്നു മുടിക്കുകയാണ്. കഴുത്തില്‍  കുരുക്കിടുന്നവന്‍ ശരിയായില്ലെങ്കില് കുടുംബം അധോഗതിയാകുമെന്ന് പറയുന്നത് വെറുതെയല്ല.ഇപ്പോള്‍ മാനേജരദ്ദേഹത്തിന്റെ കവി മനസ്സില് പുതിയൊരു ചിന്ത കടന്നു കൂടിയിരിക്കുന്നു. മകനെ സര്ക്കാര് സ്കൂളിലയച്ചു പഠിപ്പിക്കണമെന്നു പോലും.നാലഞ്ചു കൊല്ലം ആറ്റു നോറ്റിരുന്നു കിട്ടിയ സന്തതിയാണ്. അതിനെ ഇങ്ങനെയൊരു കൊലക്കളത്തിലേക്കു തളളി വിടണമെന്ന് ഇങ്ങേര്ക്ക് ഇതെങ്ങനെ തോന്നി. പല്ലും നഖവുമുപയോഗിച്ച് ഞാനതിനെ എതിര്ക്കും. നൊന്തു പ്രസവിച്ചത് ഞാനാണ്. എന്റെ തല തെറിക്കേണ്ടി വന്നാലും ആ തോന്ന്യാസത്തിന് കൂട്ടു നില്ക്കാന്‍ എന്നെ കിട്ടില്ല...................' ഇത്രയും കാര്യങ്ങള്‍ ശ്രീമതി രാഗിണിനന്ദന്‍ ചെറുക്കനുമായിട്ടുളള ഗുസ്തിക്കു ശേഷം ആരോടെന്നില്ലാതെ പറയുകയോ, അല്ലെങ്കില് മുറുമുറുപ്പോടെ സ്വയം ചിന്തിക്കുകയോ ചെയ്യുകയായിരുന്നു. ഈ നേരത്തിനിടയ്ക്ക് അവള്‍ ഒരു വലിയ ഡിഷ് നിറയെ ദോശ ചുടുകയും,ചമ്മന്തി അരക്കുകയും, എന്തിന് ചായയിടുന്നതിനുളള പ്രാരംഭ നടപടികള്‍ ആരംഭിക്കുക പോലും ചെയ്തു കഴിഞ്ഞിരുന്നു. അതിലുപരി അവള്‍ രണ്ടു മൂന്ന് വാതിലുകള്‍ കടന്ന് ഭര്ത്താവ് രാഗാനന്ദന്‍ കിടക്കുന്നിടത്തു ചെല്ലുകയും അയാടെ പുളിയില്ലാത്ത രണ്ടു മുന്ന് ചീള് തെറി വിളിക്കുകയും ചെയ്തു. രാഗാനന്ദന്‍ അപ്പോള്‍ കട്ടിലില്‍ ചമ്രം പൊടിഞ്ഞിരുന്ന് അയാളുടേത് മാത്രമായ കവിത സ്വയം ചൊല്ലി രസിക്കുകയായിരുന്നു. രാഗിണിക്ക് ശുണ്ഠി വന്നു.അയാളുടെ ഒരു മുടിഞ്ഞ കവിത. മണി എട്ടു കഴിഞ്ഞിരിക്കുന്നു.ഇതു വരേയും പോകാനുളള ഒരു തയാറെടുപ്പും നടത്തിയിട്ടില്ല. തിരികെ പോകുമ്പോള്‍ അവള്‍ ചിന്തിച്ചത് ദോശ ചുടുന്നതിനെപ്പറ്റിയാണ്.. അല്പം പോലും കരിയാതെ ദോശകള് ഒന്നിന് പിറകെ ഒന്നായി ചുട്ടടുക്കുന്നതും, നിയതമായ വൃത്താകൃതിയില് ചപ്പാത്തി പരത്തുന്നതും അയാളുടെ സാഹിത്യത്തെക്കാള്‍ ഒന്നാം തരം കലയാണന്ന് അവള്‍ക്ക് തോന്നി.എന്നാല്‍ അന്നവള്‍ പ്രതീക്ഷിച്ചതില്‍  നിന്നും വിഭിന്നമായി രാഗാനന്ദന്‍ കുളിച്ചു കുറിതൊട്ട്, ക്ലോക്കില്‍ കൃത്യം എട്ടര മണി അടിച്ചതോടെ പോകോനെല്ലാമൊരുങ്ങി.അവരുടെ വിവാഹത്തിന്റെ ആദ്യ ദിനങ്ങളില്‍ മാത്രം അയാള്‍ ഉപയോഗിച്ചിരുന്നതുപോലെ  കടും നില നിറത്തിലുളള പള, പള മിന്നുന്ന ചെക്ക് ഡിസൈനുളള ഷര്ട്ടും, കാലില്‍ ഇളം ചാരനിറത്തിലുളള ആക്ഷന് മോഡല് ഷൂവും അപ്പോള്‍ അയാള്‍ ധരിച്ചിരുന്നു. കോട്ടും സ്യൂട്ടുമിട്ട് നിങ്ങളിതെങ്ങോട്ടാണ് പെണ്ണു കാണാനാണോ എന്നയാളോട് തമാശയായിട്ടെങ്കിലും ചോദിക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും അവളത് ചോദിച്ചില്ല. ചിലപ്പോള് അങ്ങനെ ഒരു ചോദ്യം മാത്രം മതി ഷൂവും, പാന്റസും വലിച്ചെറിഞ്ഞ് അയാള്‍ പഴയ കോണാനുമുടുത്തുകൊണ്ട് യാത്രയാകാന്.
 രാഗാനന്ദന്‍ പ്രാതല് കഴിച്ചുകൊണ്ടിരുന്നപ്പോള് രാഗിണി അയാളെ  മുട്ടിയുരുമ്മികൊണ്ട്  പതിവുളള പരാതി ആവര്ത്തിച്ചു.
" ടിവിയും, ഫ്രിഡ്ജും ഒന്നും ഇപ്പോള്‍ വേണമെന്നില്ല. അടുപ്പിന്റെ കീഴില്‍ കിടന്ന് തീയൂതിയൂതി എന്റെ കണ്ണും കരളും വാടി.അതുകൊണ്ട് ദൈവത്തെയോര്ത്ത് നിങ്ങള്‍ അത്യാവശ്യമായി ഒരു ഗ്യാസ് കണക്ഷന് അപേക്ഷ നല്കണം "
അയാള്‍ ഭാര്യയുടെ പരാതി ഒന്നു മൂളി കേള്ക്കുകപോലും ചെയ്യാതെ വേഗത്തില് പടിയിറങ്ങി. ഭര്ത്താവിനെ     പ് രാകികൊണ്ട് രാഗിണി അടുക്കളയിലേക്കും പോയി.നേരം പത്തു മണിയായതോടെ വീടെല്ലാം അടിച്ചുവാരി ഒന്ന് നടുനിവര്ത്താന്‍  ഒരുങ്ങുമ്പോഴാണ് അടുത്തൊരു എയിഡഡ് സ്കൂളില് ലക്ഷക്കണക്കിന് രൂപാ കോഴകൊടുത്ത് വാദ്ധ്യായനിയായി കയറിയ സുനന്ദ മോഹനന്‍ ഓടിക്കിതച്ചവിടെ എത്തിയത്.
" കുറെ നാളായി ഞാന്‍ വിചാരിക്കുന്നു നിന്റെ വീടും കുടിയുമൊക്കെ ഒന്നു വന്നു കാണണമെന്ന്. അതെങ്ങനാ സമയം കിട്ടണ്ടേ.....?" വല്ലാത്തൊരു വെപ്രാളത്തോടെയാണ് സുനന്ദാ മോഹനന്‍ അതു പറഞ്ഞു നിര്ത്തിയത്
" ഓ സമയം കിട്ടാതിരിക്കാന്‍ നിനക്കെന്നതാ കളക്ടറുദ്യോഗമാ....നിന്റെ മേക്കപ്പൊന്നു കുറച്ചാല്‍തന്നെ ദിവസം രണ്ടു മൂന്ന് മണിക്കൂര് ലാഭിക്കാം.നിനക്കിപ്പോഴെങ്കിലും ഇവിടം വരെ വന്ന് പഴയ കൂട്ടുകാരിയെ കാണാന്‍ തോന്നിയല്ലോ...അതു തന്നെ മഹാഭാഗ്യം?" എന്നു പറഞ്ഞുകൊണ്ട് രാഗിണി അടുത്തക്ഷണത്തില്‍ ഊഷ്മളമായ ഒരു പുഞ്ചിരി സമ്മാനിച്ച്, അനിര്‍വചനീയമായ ഒരു ഉളപ്പുളകത്തോടെ സുനന്ദാ മോഹനന്റെ കൈത്തലം ഗ്രഹിച്ചു കൊണ്ട് അകത്തേക്കു കൂട്ടികൊണ്ടു പോയി.
" നീ അവിടെയിരിക്ക് ഞാന്‍ ചായയിടാം." സത്യത്തില്‍ അപ്പോള്‍ ചായയിടാന അവിടെ പാലു പോയിട്ട് തേയില പോലും അവശേഷിക്കുന്നില്ല എന്നറിയാമായിരുന്നിട്ടും രാഗിണി അങ്ങനെ പറയുക തന്നെ ചെയ്തു.
" ഓ ചായകുടിക്കാനൊന്നും സമയമില്ല. ഇപ്പോള്‍ തന്നെ ലേറ്റായിരിക്കുന്നു. എച്ച്. എം ഒരു ലേഡിയാണ്.വല്ല ആണുങ്ങളുമായിരുന്നെങ്കില്‍ ഒരു കുഴപ്പവുമില്ലായിരുന്നു.കുറഞ്ഞ പക്ഷം ഒരു സ്ത്രീയെന്ന നിലയിലുളള മനുഷ്യപ്പറ്റെങ്കിലും  കാണിച്ചേനെ....ഇനിയും താമസിച്ചാല് തൈക്കിളവി കണ്ണുരുട്ടും...."
പോകുന്നതിനു മുമ്പ് സുനന്ദാ മോഹനന്‍ രാഗിണി നന്ദന്റെ മനസ്സില്‍ കൊളളിയാന് വീഴ്ത്തികൊണ്ട് ആ വാര്ത്ത പറഞ്ഞു
" നമ്മുടെ കൂടെ കോളേജില് പഠിച്ച ഒരു പ്രിയാ കൃഷ്ണനുണ്ണിയെ അറിയുമോ നിനക്ക്. കഥകളി ഭ്രാന്ത് പിടിച്ച് കുടുംബ കുളംതോണ്ടിയ കൃഷ്ണനുണ്ണി മാഷ്ടെ മകള്...ആ ആട്ടക്കാരി....അവള്ക്ക് എസ്.ബി.റ്റി യില് ക്ലാര്ക്കായി ജോലി കിട്ടി.. നിന്റെ ഭര്ത്താവ് ജോലി ചെയ്യുന്ന ബാങ്കില് ഇന്നലെ അവള്‍ ജോയിന്‍ ചെയ്തു"
നിന്ന നില്പില്‍ വീടിന്റെ മേല്ക്കൂര തന്റെ ശിരസ്സിലേക്ക് ഇടിഞ്ഞ് വീണിരുന്നെങ്കിലെന്ന് രാഗിണി നന്ദന് ആത്മാര്ത്ഥമായി ആഗ്രഹിച്ചു പോയി. എന്തായാലും തന്റെ പഴയ കൂട്ടുകാരി, ആ നേരമില്ലാ നേരത്ത് ഓടിക്കിതച്ച് അവിടെയെത്തിയത് പഴയ സൌഹൃദം വന്ന് അലട്ടിയതുകൊണ്ടല്ല എന്നു മനസ്സിലാക്കാനുളള സാമാന്യ ബുദ്ധി അവള്‍ക്കില്ലാതില്ല......  എലിയെ പിടിച്ച് വെളളത്തില്‍ മുക്കുന്നതു പോലെ മറ്റുളളവരെ ദുഖത്തിലാഴ്ത്തി രസിക്കുന്ന ഒരു സിനിക്കാണവള്‍...എങ്കിലും യാതാര്ത്ഥ്യത്തിനു നേരെ കണ്ണടയ്ക്കുന്നതെങ്ങനെ......അറിഞ്ഞിടത്തോളം അതങ്ങനെ നിസ്സാരമായി തളളിക്കളയേണ്ട കാര്യവുമല്ല. പ്രിയാ കൃഷ്ണനുണ്ണി....കഥകളിക്കാരന്റെ മകളാണവള്‍.....കണ്ണും കവിളും കൊണ്ടുളള കഥകളി അവള്ക്ക് നല്ല വശമുണ്ടെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.....കോളേജില് പഠിക്കുന്ന കാലത്തെ ആണുങ്ങളെ വളച്ചെടുക്കാന്‍ മിടുക്കിയാണ്. പോരെങ്കില് ചില ആംഗിളുകളില്‍ നിന്നു നോക്കുമ്പോള്‍ അവള്‍ തന്നെക്കാളലല്പം സുന്ദരിയുമാണ്......ചുമ്മാതാണോ കാമദേവവനിന്ന് കോളേജ് കുമാരന്‍മാരെപ്പോലെ അണിഞ്ഞൊരുങ്ങി ഇറങ്ങിയത്.
   അന്ന് രാത്രി പതിവിലുമേറെ വൈകി രാഗാനന്ദന്‍ ഒരു മഞ്ഞത്തവളയുടെ മയക്കത്തേടെ വന്ന് കതകു പാളികള്‍ തളളിത്തുറന്ന് കിടക്കയിലേക്കു മറിഞ്ഞു വീണു.
"നിങ്ങള് ഇത്ര നേരം എവിടെ പോയി കിടക്കുകയായിരുന്നു. ഈ വീട്ടില് ഒരു തളളയും കുഞ്ഞും മാത്രമേയുളളു എന്ന കാര്യം നിങ്ങള്‍ മറന്നു പോയോ..?"അതു പറയുമ്പോള് രാഗിണി കോപവും, സങ്കടവും കലര്‍ന്ന് ഒരു പൊട്ടിക്കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു
" ബാങ്കില്..... പുതിയതായി വന്ന സ്റ്റാഫിന്റെ വക പാര്ട്ടിയുണ്ടായിരുന്നു " പാതി മയക്കത്തില്‍ കിടന്ന് അയാള്‍ മുരണ്ടു
 " പുതിയ സ്റ്റാഫ്, പാര്ട്ടി...... എല്ലാം ഞാന്‍ അറിയുന്നുണ്ട്" .രാഗിണി നന്ദന് അത് പറഞ്ഞ് തീരുന്നതിനു മുമ്പേ അയാള്‍ ഗാഢമായ ഒരു ഉറക്കത്തിലേക്ക് വീണു കഴിഞ്ഞിരുന്നു. അവള്‍ പതിയെ എഴുന്നേറ്റു പോയി, കിടക്കയിലേക്കു വന്നു വീഴുന്നതിനു മുമ്പ് രാഗാനന്ദന്‍  മുറിയുടെ ഒരു മൂലക്കായി ഉപേക്ഷിച്ചു പോയ പ്ലാസറ്റിക്ക് കവര്  ഒരു നെഞ്ചിടിപ്പോടെ അരിച്ചു പെറുക്കിത്തുടങ്ങി.പുതിയ ഒരു ജോഡി ഷൂസ്, ഷര്ട്ട്,ആഫ്റ്റര് ഷേവ് ലോഷന്‍ , ഒരു ചെറിയകുപ്പി പെര്ഫ്യൂം, ഒരു ചെറിയ കഷ്ണം കണ്ണാടി ഘടിപ്പിച്ച മണിപേഴ്സ്...അവളറിയാതെ നെഞ്ചത്തു കൈവെച്ചു. ദൈവമേ ഇങ്ങര് ഇത് എന്തിനുളള പുറപ്പാടിലാണ്.
പിറ്റേന്നു രാവിലെ രാഗാനന്ദന്‍  അയാളുടേതു മാത്രമായ കവിത ചൊല്ലുന്നതിനു പകരം, പഴയ ഒരു സിനിമാഗാനവും മൂളിക്കൊണ്ടാണ് എഴുന്നറ്റത്
' മാനസമൈനേ വരൂ......
മധുരം നുളളിത്തരൂ....'
അയാള്‍ തന്റെ താടിയിലെ അവനാന പൊടി രോമം നീക്കം ചെയ്യുമ്പോഴും ആ ഗാനത്തിന്റെ ആദ്യത്തെ ഈരടികള്‍ ആവര്ത്തിച്ചാവര്ത്തിച്ചു മുളുന്നുണ്ടായിരുന്നു എന്ന വസ്തുത രാഗിണി നന്ദനെ വല്ലാതെ അലോസരപ്പെടുത്തി.
ഇടക്കുവെച്ചയാള്‍ മുറ്റത്തുനിന്നിരുന്ന മകനെ മണ്ണു വാരി കളിച്ചു എന്നതിന്റെ പേരില്‍ നനഞ്ഞ കൈവലിച്ച് രണ്ട് അടികൊടുക്കുക കൂടി ചെയ്തു. അവന്‍  പതിവിനു വിപരീതമായി കുത്തിയിരുന്ന് അമ്മയെ വിളിച്ച് അലറിക്കരഞ്ഞു തുടങ്ങി. അടുക്കളയിലായിരുന്ന രാഗിണിനന്ദന്റെ മനസ്സൊന്നു കാളി
ദൈവമേ എല്ലാം പതിവിനു വിരുദ്ധമായാണല്ലോ സംഭവിക്കുന്നത്.അവള്‍ ഓടിച്ചെന്ന് കുഞ്ഞിനെ ഒക്കത്തേന്തി
" എട്ടും പൊട്ടും തിരിയാത്ത കുഞ്ഞാണ്. അതിനോട് ഇത്ര ദുഷ്ടത്തരം പാടില്ല." അവള് അയാളക്കു നേരെ കയര്ത്തു.
എന്നാല്‍ രാഗാനന്ദനാകട്ടെ അതിനു മറുപടി നല്കാന്‍  താല്പര്യമില്ലാത്ത മട്ടില്‍ അകത്തേക്കു കയറിപ്പോയി. അകത്ത് അയാള് അന്നും തലേ ദിവസത്തെപ്പോലെ കണ്ണാടിക്കു മുന്നില്‍ ഏറെ നേരം നിന്ന്, തലമുടി ചീകിയൊതുക്കി, തലേ ദിവസം പുതുതായി വാങ്ങിയ ഷര്ട്ടും, ഷൂവും ധരിച്ച് കതകു തുറന്ന് പുറത്തേക്കിറങ്ങി.
മുന്നില്‍ വിളറി ജ്വലിച്ചു കൊണ്ട് ഭാര്യ രാഗണി നില്ക്കുന്നു
" പുതിയ ഷര്ട്ടു വാങ്ങിക്കാനും, പുതിയ ഷൂ മേടിക്കാനും നിങ്ങളുടെ കൈയില്‍ പണമുണ്ട്. എനിക്കു കല്യാണത്തിനു പോകാന് ഒരു സാരി വേണമെന്നു പറഞ്ഞാലോ, എന്റെ ചെറുക്കന് അസുഖം വന്നാല് ആശുപത്രിയില് പോകണമെന്ന് പറഞ്ഞാലോ നിങ്ങള്ക്ക് അനക്കം കാണില്ല."
" ഓ എന്റെ ഭാര്യേ.....നീയൊന്ന് മിണ്ടാതിരി " ചെവിപൊത്തിക്കൊണ്ടയാള്‍ പറഞ്ഞു
 " ഇനി മുതല്‍ നീ പറയുന്നതനുസരിച്ച് ഞാന്‍  ജീവിക്കാന്‍  പോകുകയാണ്.നിനക്കിഷ്ടപ്പെട്ട സാരി നമുക്ക് ഒന്നിച്ചു പോയി ഇന്നു തന്നെ വാങ്ങാം. മകനെ സി.ബി.എസ്.സി സകൂളില് തന്നെ പഠിപ്പിക്കാം. തല്ക്കാലത്തേക്കു യാത്ര ചെയ്യാന്‍  ഒരു ബൈക്ക് വാങ്ങാം. ആഴ്ചതോറും സിനിമയ്ക്കു പോകാം. പിന്നെ ഗ്യാസിന്റെ കാര്യം..സര്ക്കാരിന്റേതാകുമ്പോള്‍ കുറെ കാല താമസം പിടിക്കും.അതു കൊണ്ട് ഏതെങ്കിലും പ്രൈവറ്റ് ഏജന്സിക്ക് ഇന്നു തന്നെ അപേക്ഷ നല്കാം. ഇനിയും തീയൂതിച്ച് നിന്റെ കണ്ണും കരളും വാട്ടാന്‍  ഞാന്‍  ഉദ്ദേശിക്കുന്നില്ല.. "
രാഗിണി നന്ദന്‍ ഒരു നിമിഷം മിഴിച്ചു നിന്നു പോയി. അയാളില്‍ നിന്ന് അത്രയും ഹൃദയ ഹാരിയായ ഒരു മറുപടി അപ്പോഴെന്നല്ലാ, ഒരിക്കലും കിട്ടുമെന്നവള്‍ പ്രതീക്ഷിച്ചിരുന്നില്ല.രാഗാനന്ദന്‍  അന്നെത്തെ പ്രാതല്‍ കഴിക്കാനിരുന്നപ്പോഴും,ശേഷം അയാള്‍ യാത്ര പറഞ്ഞിറങ്ങിയപ്പോഴും അവള്‍ ഒരു മാസ്മരിക ലോകത്തായിരുന്നു. ബൈക്കിന് പിന്നില്‍ ഭര്ത്താവിനോട് ചേരന്നിരുന്ന്, നഗരത്തിലൂടെ യാത്ര ചെയ്യുന്ന രംഗം മനസ്സില്‍ കണ്ട് അവള്‍ ഊറി ചിരിച്ചു.
സന്തോഷം കൊണ്ട് എന്തു ചെയ്യണമെന്നറിയാന്‍  വയ്യ.......വെറുതെ അന്നത്തെ പത്രം കൈയിലെടുത്ത് മറിച്ചു നോക്കി. ഒരു വാര്‍ത്ത കണ്ട് ഞെട്ടിപ്പോയി.
' ഗ്യാസ് സ്റ്റൌ പൊട്ടിത്തെറിച്ച് യുവതി മരിച്ചു. ഭര്ത്താവും, കാമുകിയും അറസ്റ്റില്‍........'
ഞൊടിയിടയില്‍ ഭര്ത്താവിന്റേയും കാമുകിയുടേയും സ്ഥാനത്ത് രണ്ട് രൂപങ്ങള്‍ തെളിഞ്ഞു വന്നു. രാഗാനന്ദനും, പ്രിയാ കൃഷ്ണനുണ്ണിയും.....ദൈവമേ അപ്പോഴിതാണോ ഇയാളുടേയും പ്ലാന്‍ ...സര്ക്കാര്‍ ഏജന്സിയാകുമ്പോള്‍ കാല താമസം വരും പോലും. ആ അറുവാണിച്ചിയുടെ ചുവപ്പും തുടിപ്പും കണ്ട് അയാള്‍ മയങ്ങിയിരിക്കുന്നു... അവള്‍ പല്ലു കടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.രാഗാനന്ദന്‍  വീട്ടില്‍ നിന്നും റോഡിലേക്കുളള വളവ് തിരിഞ്ഞു പോകുന്നതേയുളളൂ. അവള്‍ അല്പം കൂടി നീങ്ങി നിന്ന് അയാളോടായി ഉച്ചത്തില്‍  ഇങ്ങനെ വിളിച്ചു പറഞ്ഞു.
" അതെ ഞാന്‍  പറഞ്ഞന്നേയുളളൂ.ഇവിടെ ഇപ്പോള് ഗ്യാസ് സ്റ്റൌവിന്റെയെന്നല്ലാ. ഒരു മണ്ണണ്ണ സ്റ്റൌവിന്റെ ആവശ്യം തന്നെയില്ല. ഇപ്പോള്‍ അത്യാവശ്യം ഒരു ടിവിയാണ്..........."
                                               ****************************

2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

ഊര്‍മ്മിള ഒരു ദു:സ്വപ്നത്തിലാണ്..........

ഊര്‍മ്മിള ......ലക്ഷ്മണന്റെ ഭാര്യ ....രാമന്റെ സഹോദര ഭാര്യ എന്നതിനപ്പുറം പ്രധാന്യ മൊന്നുമില്ലാതെ  ആദി കവി മൌനത്തിന്റെ വല്മീകത്തില്‍   ഒളിപ്പിച്ചവള്‍  ...ഭര്‍ത്താവ് ജീവിച്ചിരിക്കെ വൈധവ്യത്തിന്റെ തീക്കനലും പേറി ,വേദനയുടെ നിശബ്ദ സാഗരം  ഉള്ളിലടക്കി    ഒറ്റപ്പെടലിന്റെ തുരുത്തില്‍ , അവഗണനയുടെ  ശരശയ്യയില്‍ സ്വൊന്തം യൌവ്വനം ഹോമിച്ച ലോകത്തിലെ ആദ്യത്തെ സ്ത്രീ ഹൃദയം ഇവളുടെതായിരിക്കണം ........!!!





ഊര്മ്മിളേ വില്ലിന്‍ ഞാണൊലി മുഴങ്ങുന്നു.......
രാമപാദവും തേടി നിന്‍ കാന്തന്‍
കാനനത്തിലുഴറുന്നു
കാതരേ രാഗവിവശയാം നിന്‍ കണ്കളില്‍
കാലമുറയുന്നു
കോമരത്തിണ്ണയില്‍
കോലങ്ങള്‍ കലി തുളളിയാര്‍ക്കുന്നു
കോലായിലാ കൂനിത്തളള
കൂട്ടിയും, കിഴിച്ചും കാലങ്ങളെണ്ണുന്നു
കുടിലത കൊണ്ടൊരു കൂരമ്പു തീര്‍ത്തതില്‍
കരളുകള്‍ കോര്‍ത്ത് രസിക്കുന്നു
ഊര്മ്മിളേ വില്ലിന്‍ ഞാണൊലി മുഴങ്ങുന്നു........
കാട്ടു പാതകളിലൊറ്റയാന്‍മാര്‍
വന്നു ചിന്നം വിളിച്ചൂ
കരിനാഗം പത്തി വിടര്‍ത്തി
പതുങ്ങി നിന്നൂ
കരിമ്പുലികള്‍, കാലൊച്ചയില്ലാതെ വന്നു
കാരിരുള്‍ മുളള് കൊണ്ട് കാല്‍ മുറിയുന്നു
കാട്ടിലൂടല്പം തെളിനീരു തേടിയലയവേ
കരിമ്പാറയില്‍ നിന്നു കാല്‍ വഴുതിയയ്യോ...!
ര്‍മ്മിളേ വില്ലിന്‍ ഞാണൊലി മുഴങ്ങുന്നു........
കൂരിരുള്‍ വന്നു കുണുങ്ങി, കുണുങ്ങി
പിന്നെ കുടില നൃത്തം ചവിട്ടുന്നതെവിടയും
കടലുകള്‍ പിളരുന്ന നാദവും കേള്‍ക്കുന്നുവല്ലോ
ക്രൌഞ്ച മിഥുനങ്ങളൊന്നിതാ
വേടന്റെ അമ്പേറ്റു വീണു പിടയുന്നതിന്‍
ചിറകടിയൊച്ചയും കേള്‍ക്കുന്നു
ഭൂമി പിളരുന്ന വേഗത്തില്‍
രഥചക്രങ്ങളുരുളുന്നു
വേട്ടനായ്ക്കള്‍ കൂട്ടമായോരിയിട്ടെത്തുന്നു
വാള്‍ത്തലകള്‍ മിന്നലുകളായ് 
വിണ്ണിലുയരുന്നു  
ശരമാരിയേറ്റാരോ നിലവിളിക്കുന്നു 
ചുടുനിണച്ചാലുകള്‍ ചിത്രം വരയ്ക്കുന്നു 
ചുടലതന്‍ ചൂരടിക്കുന്നു 
ചടുല താളങ്ങളൊക്കെ  നിലച്ചു പോയ്‌
ചകിതയാം സന്ധ്യകള്‍  വന്നണയുന്നു 
ചരിത്രേതിഹാസമേ   നിന്‍ പഴങ്കഥ  താളുകളില്‍ 
ചോരകൊണ്ടെഴുതിയ വീര ചരിതങ്ങളില്‍  
പകിട പന്ത്രണ്ടും നിരത്തി 
പതുങ്ങിയിരിപ്പൂ കാലം......
ഊര്മ്മിളേ വില്ലിന്‍ ഞാണൊലി മുഴങ്ങുന്നു.......
 





2012, ഒക്‌ടോബർ 6, ശനിയാഴ്‌ച

സസ്നേഹം Chest No :13 -CISF RTC സിദാബാടി

വീടിന്‍റെ നാലു ചുവരുകളെയും സ്നേഹിച്ച് ,സ്വയം സൃഷ്ടിച്ചെടുത്ത ഒരു തുരുത്തില്‍ , സ്വന്തം ഭാവനകളുടെ ലോകത്ത് ഒരു  സ്വപ്നജീവിയായി   തീര്‍ത്തും അലസനായി കഴിഞ്ഞിരുന്ന ഒരു ചെറുപ്പക്കാരന്‍ ... ജീവിതത്തിന്റെ ഗതിവേഗങ്ങളില്‍  ഒന്നില്‍ സ്വന്തം  നാടും വീടും സ്വപ്നങ്ങളും ഉപേക്ഷിച്ച്  ,ഉപജീവനത്തിനായി വിദൂരമായ ഒരു സ്ഥലത്തേക്ക് പോകേണ്ടിവരുന്നു.....  . കണിശമായ ചിട്ടകള്‍ക്കും ,കഠിന ശിക്ഷണങ്ങള്‍ക്കും ,ഉഗ്രശാസനകള്‍ക്കും പേര് കേട്ട അര്‍ദ്ധ സൈനികരുടെ ഒരു പരിശീലന ക്യാമ്പിലേക്ക് . പിന്നീട് ജീവിത പന്ഥാവിലെ ഒരു വഴിത്തിരിവില്‍ വെച്ച് ആ ബന്ധം ഉപേക്ഷിച്ചെങ്കിലും അവിടെക്കുള്ള യാത്ര, , അവിടുത്തെ ജീവിതം......വര്‍ഷങ്ങള്‍ കുറെയേറെ കഴിഞ്ഞിട്ടും മായാതെ മനസ്സില്‍ തന്നെ കിടക്കുന്നു.ആത്മ പ്രകാശനം ഇഷ്ടമുള്ളത് കൊണ്ടല്ല .ഓര്‍മ്മകള്‍ ഓളങ്ങളായി  മനസ്സിനെ നിരന്തരം വന്നു ആലോസരപ്പെടുത്തുമ്പോള്‍  ഇതല്ലാതെ  വേറെ മാര്‍ഗമൊന്നും കാണുന്നില്ല .......സദയം ക്ഷമിക്കുക  



ഞാന്‍  എനിക്കു ചേരാത്ത ആ കാക്കി വേഷം അഴിച്ചു കളഞ്ഞിട്ട് വര്‍ഷങ്ങള്‍  കുറെയായി. എങ്കിലും ഓര്മ്മകളെ അങ്ങനെ അഴിച്ചുകളയാന്‍  കഴിയില്ലല്ലോ.....ഏകാന്തമായിരിക്കുന്ന ചില ദിന രാത്രങ്ങളില്‍  ഞാനെന്റെ ട്രെ യ്നിംഗ് സെന്ററിലേക്കു പോകും...മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന മുഷിഞ്ഞ യാത്രക്കൊടുവില് ഹൌറാ  പാലമിറങ്ങും. അവിടെ നിന്നും അസന്സോളിലേക്കുള്ള  ലോക്കല്‍  ട്രെയിന്‍ കിട്ടും. നാല് മണിക്കൂര്‍  യാത്ര ചെയ്താല്‍  അസന്‍ സോളിലെത്താം. അവിടെ ചിര പുരാതനമായ കറുപ്പും വെളളയുമടിച്ച ടാക്സികള്‍  യാത്രക്കാരെ പ്രതീക്ഷിച്ച് ആകാംക്ഷ നശിച്ചു  കാത്തു കിടക്കുന്നുണ്ടായിരിക്കും.അവരില്‍  ഏതെങ്കിലും ഒരു ടാക്സിക്കാരനെ തോണ്ടി വിളിച്ചിട്ട് പാതി ഹിന്ദിയില്‍  പറഞ്ഞൊപ്പിക്കും
"ഹം കോ സിദാബാടി ജാനാ ഹൈ...."
ഉറക്കച്ചടവിനിടയിലും അയാളുടെ കണ്ണുകള്‍  വികസിക്കും. അയാള്‍ അവിശ്വസനീയമായ ഒരു നോട്ടം നോക്കും.
"കിതനാ ആദ്മി ഹൈ?"
"പാഞ്ച്"
"ഠീക്ക് ഹൈ അന്തര്‍  ബൈട്ടിയേ"
അയാള്‍  ഭവ്യതയോടെ വന്ന് കാറിന്റെ വാതില്‍  തുറന്നു തരും
അതിനിടയ്ക്ക് കൂട്ടത്തിലെ മുറി ഹിന്ദിക്കാരന്‍  ടാക്സി ചാര്ജ്ജ് സംബന്ധിച്ച് ഡ്രൈവറുമായി ഒരു ധാരണയില്‍  എത്തിയിട്ടുണ്ടാകും
വണ്ടി നീങ്ങിത്തുടങ്ങുകയാണ്.............ടാറിടാത്ത  മണ്പാതകളിലൂടെ........ഏതോ പൌരാണിക യുഗത്തിലൂടെയെന്നവണ്ണം.....കാളവണ്ടിയുടേതു പോലെ  കട..കട ശബ്ദം കേള്ക്കാം. 
ആരോ ചോദിക്കുകയാണ് ........
ഇഥര്സേ കിതനാ  ദൂര്‍  ഹോഗാ?
ദസ് പന്ത്രാ ഹോഗി
“ കിതനാ ടൈം ലഗേഗി
ആദാ ഗണ്ഡാ ലഗേഗി
ഹിന്ദി അറിയില്ലങ്കിലും എനിക്കു മനസ്സിലായി - ആ വാഗ് ദത്ത  ഭൂമിയിലേക്ക് ഇനി കേവലം പത്ത് പന്ത്രണ്ട് കിലോമീറ്ററുകള്‍  - അര മണിക്കൂര്‍  മാത്രം - എന്റെ ഹൃദയം പിടയ്ക്കുകയാണ്. ടാക്സിയുടെ പിന്സീറ്റിലേക്ക് മുഷിഞ്ഞ ഒരു ഭാണ്ഡക്കെട്ടു പോലെ ഞാന്‍ ചാഞ്ഞു കിടന്നു
പുറത്ത് വംഗനാടിന്റെ പ്രകൃതി സൌന്ദര്യം തുളുമ്പുന്ന ഒരു പാട് കാഴ്ചകളുണ്ട് എനിക്ക് ഒന്നും കാണണ്ടാ ....
വഴിക്ക് വെച്ച് എന്തോ രൂക്ഷ ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറുന്നു.
പുറത്തെ വിശാലമായ പാടങ്ങള്‍  ചൂണ്ടിക്കാട്ടി അത് കടുക് പൂക്കുന്നതാണന്ന് ആരോ പറയുന്നത് കേട്ടു. എന്റെ ഉളളും പൂക്കുകയാണ്...പൂത്തു തളിര്ക്കുന്നത് വേദനയുടെ ഏതോ മഹാ വൃക്ഷങ്ങളാണന്ന് മാത്രം
പതിയെ പതിയെ ആ ശിലാ ഫലകം തെളിയുന്നത് കാറിന്റെ മുന്‍ ഗ്ളാസ്സിലൂടെ ഞാന്‍ കണ്ടു
CISF RTC, SIDABADHI
എന്റെ ഹൃദയമേ നീയിത്ര ദുര്ബലമായിക്കൂടാ.....മൂന്നാലുകൊല്ലക്കാലം ഒരു തൊഴില്‍  രഹിതനായി വീട്ടില്‍  വെറുതെ നിന്നതിന്റെ വേദനെയെക്കാളും വലുതല്ല ഈ വേദന...ഇവിടെ എന്റെ ജീവിതത്തിന്റെ  ഭാഗധേയം നിര്ണ്ണയിക്കുകയാണ്....പടയോട്ടം തുടങ്ങുകയാണ്
ഞാന്‍ കപ്പല്‍  ശാലകളിലും, വിമാനത്താവളങ്ങളിലും, ബഹിരാകാശ പര്യവേക്ഷണ കേന്ദ്രങ്ങളിലും, രാജകീയ മുദ്ര പേറുന്ന തന്ത്ര പ്രധാന കെട്ടിട സമുച്ചയങ്ങളിലുമൊക്കെ കാവല്‍  നില്ക്കേണ്ട ഒരു അര്ദ്ധ  സൈനികന്‍ എ ബ്രൌണ്‍  സോള്ജിയര്‍ ....ഞാനിത്രയും ചഞ്ചല ചിത്തനായിക്കൂടാ
ഏതോ ഊര്ജ്ജത്തിന്റെ ഉള്പ്രേരണയാലെന്നവണ്ണം ഞാന്‍ പുറത്തിറങ്ങി
സിദാബാടി. ബംഗാളിലെ ബര്ദ്ദ്മാന്‍ ജില്ലയിലെ ആദിവാസികള്‍  തിങ്ങി പാര്ക്കുന്ന ഒരു കുഗ്രാമം....സി.ഐ.എസ്.എഫിന്റെ ഒരു റിക്രൂട്ട് ട്രെയനിംഗ് സെന്റര്‍  ഇവിടെ പ്രവര്ത്തിക്കുന്നു. ചരിത്ര പുസ്തകത്തിലെവിടെയോ ബര്ദ്ദമാനെക്കുറിച്ച് വായിച്ചൊരോര്മ്മ മനസ്സിലാക്കു കടന്നു വരുന്നു.ബര്ദ്ദമാന്‍......... ബംഗാളിലെ നക്സല്‍  ബാരി പ്രസ്ഥാനത്തിന്റെ  ഈറ്റില്ലം. ട്രെയ്നിംഗിനു ചേരാന്‍ വന്നവരും, അവരെ കൊണ്ടു ചെന്നാക്കാന്‍ വന്നവരുമുള്പ്പടെ കുറെയധികം മലയാളികള്‍  അവിടെ എത്തിയിട്ടുണ്ട്. എല്ലാവരും തിരുവനന്തപുരം- ഹൌറാ എക്സ്പ്രസ്സില് കയറി വന്നവരാണ്. അവരില്‍  പലരുടേയും മുഖങ്ങള്‍  ഞാനും ട്രെയ്നില്‍  വെച്ചു  കണ്ടതാണ്. ഇടക്കു വെച്ച് ഒഡീഷയില് ഇടത് പക്ഷക്കാരുടെ കോട്ടയില്‍  അവരുടെ ട്രെയിന്‍ തടയല്‍  പരിപാടിയില്‍  പെട്ട് ട്രയിന്‍ ചത്ത ഒരു കൂറ്റന്‍ പെരുമ്പാമ്പുപോലെ മണിക്കൂറുകളോളം നാറ്റമടിച്ചു കിടന്നു. അപ്പോള്‍  ചില ആള്‍ക്കാരെ അടുത്ത് പരിചയപ്പെട്ടിട്ടുളളതാണ്...ഇന്നലെ വരെ പാട്ടും, മേളവുമായി ട്രെയിനില്‍  ആര്ത്തുല്ലസിച്ചുവന്നവര്‍ .......എല്ലാവരുടേയും മുഖത്ത് മ്ലാനത നിഴലിച്ചു കിടന്നു
എനിക്കു തെല്ലൊരാശ്വാസം തോന്നി
വേദനിക്കുന്ന ഒരു ഹൃദയം  എന്റേതു മാത്രമല്ല.......വിങ്ങുന്ന ഒരു മനസ്സ് എന്റേതു മാത്രമല്ല
അതിനോടകം ഞങ്ങള്‍  അകത്തേക്ക് ആനയിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മരണപ്പെട്ട സ്നേഹിതന്റെ ശവമടക്കിനു വന്നവരെ പ്പോലെ ഞങ്ങള്‍  അകത്തു കയറി...
വെളുത്ത ഷര്ട്ടും നിക്കറും, പി.റ്റി ഷൂവുമണിഞ്ഞ് ഒരു വെളളപ്പറവയെപ്പോലെ ഒരാള്‍  വരുന്നു.
കണ്ടപ്പഴേ മനസ്സിലായി ..ആള്  മലയാളിയാണ്...പേര് അഞ്ജനാ കൃഷ്ണന്‍, സബ് ഇന്സപെക്ടര്‍ .....
ട്രെയനിംഗിന്റെ മുഖ്യ ചുമതലക്കാരില്‍  ഒരാളാണ് 
ഗാരുവും, ചുനായു മടിച്ച മരക്കൂട്ടങ്ങള്ക്കിടയിലേക്ക് ഞങ്ങള്‍  വരിവരിയായി നിര്ത്തപ്പട്ടു
എല്ലാവും പെട്ടി തുറന്ന് അപ്പോയിന്റ് ഓഡറുകള്‍ എടുക്കുന്ന തിരക്കിലാണ്
ഞാനത് എവിടെയാണ് വെച്ചത്.....അഞ്ജനാ  കൃഷ്ണന്‍ സാര്‍  എന്തക്കയോ നിരദ്ദേശങ്ങള്‍  നല്കുന്നു. 
എനിക്ക് ഒന്നും മനസ്സിലാകുന്നില്ല . ബോധ മണ്ഡലങ്ങളിലെവിടെയോ കനത്ത മഞ്ഞുപാളി ഉരുകാതെ കിടക്കുന്നു
കൂട്ടിന്   വന്നവരൊക്കെ സലാം പറഞ്ഞ് പിരിയുന്നു. വെയില്‍  ചായുന്നു.....ദൂരെ നിന്നെവിടെയോ ബ്യൂഗിള്‍  മുഴങ്ങുന്നു...... കശാപ്പ് ശാലയിലേക്ക് നയിക്കപ്പെട്ട മൃഗത്തെപ്പോലെ ഞങ്ങള് (ഞാന്‍ ) അകത്തു കടന്നു. അപരിചിതമായ ഒരു ഗന്ധം നിറയുന്നു. കാക്കി നിക്കറും വട്ടക്കഴുത്തുളള വെളള ബനിയനും ധരിച്ച കാളക്കൂറ്റന്മാരായ കുറെ ചെറുപ്പക്കാര്‍  നിന്ന് തോക്കിന്‍  കുഴലില്‍   ചൂടു വെളളമൊഴിച്ചു വൃത്തിയാക്കുകയാണ് . ഗ്രീസിന്റെ മണം പരന്നൊഴുകുന്ന അന്തരീക്ഷത്തില്‍  അവരുടെ ചിരിയും അട്ടഹാസവും ആരവവും മുഴങ്ങുന്നു
കാഴ്ചകള്ക്ക സമാന്തരമായി നീളമുളള ഒരു ഒറ്റ നില കെട്ടിടം സ്ഥിതി ചെയ്യുന്നു......മുന്നില്‍  പേരറിയാത്ത ചില മരങ്ങളും, അലങ്കാര ചെടികളും. ഭംഗിയായി വെട്ടിയ പുല്ത്തകിടികള്.ഒത്ത നടുക്ക് പാറിക്കളിക്കുന്ന പതാകയുടെ ചുവട്ടിലായി മര പ്രതിമ കണക്കെ ഒരു കാവല്‍  ഭടന്‍  നില്ക്കുന്നു
അകത്തോട്ടു പോകുംതോറും കാഴ്ചകള്‍  മാറി മറയുകയാണ് 
മണ്പുറ്റുകള്‍  പോലെ ഒന്നു രണ്ട് ചെറിയ കെട്ടിടങ്ങള്‍ ..........ധോപി ഷോപ്പ്, മോച്ചി ഹൌസ്, ബാര്ബര്‍  ഷോപ്പ്, കുളിക്കുന്നതിന്  വെളളം ശേഖരിക്കുന്നതിനുളള ഒന്നു രണ്ട് ചെറിയ സിമന്റ് ടാങ്കുകള്,.......മണ്തിട്ട കൊണ്ട് കെട്ടിയ കൈവരികള്‍ , ഓവുചാലുകള്‍ ......തിപ്പെട്ടി കൂടു പോലുളള കൊച്ചു കൊച്ചു ടെന്റുകള്‍ ....അവയ്ക്കു മുന്നില്‍  ഓരോ ടെന്റിലും താമസിക്കുന്നവരുടെ പേരു വിവരം രേഖപ്പെടുത്തിയ ചെറിയ ബോര്ഡുകള്‍ സ്ഥാപിച്ചിരിക്കുന്നു   .  ചുറ്റും ചെറിയ പൂക്കളുളള ചെടികള്‍ .
ദൂരെ ഗ്രൌണ്ടില് ഡ്രില്‍  നടക്കുകയാണ് . ഉസ്താദ് മാര്‍  അലറി വിളിക്കുന്നു. പുകപോലെ പൊടി പടലങ്ങള്‍ അന്തരീക്ഷത്തിലുയരുന്നു . ഡ്രം മുഴങ്ങുന്നു...വന്യമായ പെരുമ്പറയുടെ  താളം വെളളിടി പോലെ ഹൃദയത്തില്‍  ആഞ്ഞുപതിക്കുന്നു.
ദൂരെ നിരനിരയായി നില്ക്കുന്ന മരക്കൂട്ടങ്ങള്ക്കിടയിലൂടെ വെളളി അരഞ്ഞാണം  പോലെ  എന്തോ  ഒന്ന് കാണാം. ഇന്ത്യയിലെ ആദ്യത്തെ ജലസേചന പദ്ധതിയുടെ ഭാഗമായ മൈഥന്‍ ഡാമാണതെന്ന് പിന്നീടറിഞ്ഞു.
ഡാമില് ജലനിരപ്പ് കുറഞ്ഞ് തുടങ്ങിയ വരണ്ട ഒരു ശൈത്യകാലത്തിന്റെ അവസാനമായിരുന്നു അത്. മറ്റുളളവരോടൊപ്പം നടന്ന് എല്ലാം വെറുതെ യാന്ത്രികമായി നോക്കി  കണ്ടു. പതിയെ പതിയെ ഇരുള്‍  വന്നു മൂടി.
പഴയ പണിയായുധങ്ങളും, ട്രെയ്നിംഗ് സാമഗ്രികളും, ഒടിഞ്ഞ കട്ടിലുകളും മറ്റും സൂക്ഷിച്ചിരുന്ന പച്ചകട്ട കൊണ്ട് കെട്ടിയ ഒന്നു രണ്ടു കെട്ടിടങ്ങള് ഞങ്ങളെ കൊണ്ടുതന്നെ ഒഴിപ്പിച്ചു. തല്ക്കാലത്തേക്കുളള ആവാസ കേന്ദ്രമാണ്. കുറച്ചു പാടുപെട്ടിട്ടാണങ്കിലും കിടക്കാന്‍ മുറിയുടെ അറ്റത്ത് ലിനന്‍ തുണികൊണ്ട് വരിഞ്ഞ ഒരു ചാര്പ്പായ കിട്ടി. തുണി അയഞ്ഞ് അമ്മത്തൊട്ടില് പോലെ കുഴിഞ്ഞ ഒരെണ്ണം. പുറത്തെപോലെ  അകത്തും പൊടി പടലങ്ങള്‍ ....
ദൈവമേ ഇനിയുളള ദിനരാത്രങ്ങളില്‍  ഞാന്‍ ഇവിടെയാണോ അന്തിയുറങ്ങേണ്ടത്.......?
മനസ്സ്  ഭൌമാന്തര്‍ ഭാഗത്തെ   ലാവാകണം പോലെ ഉരുകുകയാണ്
ഇടക്കെപ്പഴോ ബെല്‍  മുഴങ്ങി.....മലയാളി സബ് ഇന്സ്പെകടറുടെ മുഖം വീണ്ടും വാതില്ക്കല് പ്രത്യക്ഷപ്പെട്ടു 'ഭക്ഷണത്തിനുളള ബെല്ലാണ്....ട്രെയ്നിംഗ് തുടങ്ങാന്‍  ഇനിയും മൂന്ന് നാല് ദിവസം കൂടി ബാക്കിയുണ്ട്. നിങ്ങള്‍ ഇത്രയും നേരുത്തെ വരുമെന്ന് കരുതിയില്ല. അതു കൊണ്ട് ഭക്ഷണത്തിനുളള ക്രമീകരണങ്ങളെന്നും ചെയ്തിട്ടില്ല. തല്ക്കാലം ഇപ്പോഴത്തെ ട്രെയ്നീസിന്റെ മെസ്സില്‍  നിന്നും അഡ്ജസ്റ്റ് ചെയത് കഴിക്കാം . ആരും താമസസിക്കരുത്.'
വിശപ്പും ദാഹവുമൊന്നുമില്ല. ആകെപ്പാടെ ഒരു പരവേശം മാത്രമേയുളളൂ. വീട്ടില്‍  നിന്നും നിര്ബന്ധപൂര്‍വ്വം തന്നു വിട്ട ഒരു പ്ലേറ്റ് ബാഗിലെവിടെയോ ഉണ്ടായിരുന്നു. അതും തപ്പിയെടുത്ത് നീണ്ട ക്യൂവില് പോയി നിന്നു.
അരണ്ട  വെളിച്ചത്തിലെ മങ്ങിയ കാഴ്ചകള്‍ ...ഒരു നൂറ് മുഖങ്ങള്‍ ...ഒരുനൂറ് ഭാവങ്ങള്‍ .....വൃത്താകൃതിയില്‍  മുടി പറ്റെ വെട്ടിയ ചെറുപ്പക്കാര്‍ ..............
ബംഗാളികള്‍ , അസാമികള്‍ , നാഗന്മാര്‍ , ഒഡീസികള്‍ . സിക്കുകാര്‍ ............
പുതുതായി വന്നവരില് ആന്ഡമാന്‍ നിക്കോബാറികള്, ജമ്മു വാസികള്...
കുറച്ചു നേരത്തെ കാത്തു നില്പിനൊടുവില്‍  കഴിക്കാന്‍  റൊട്ടിയും(ഉണക്ക ചപ്പാത്തി)കടുകെണ്ണയില്‍  പാചകം ചെയ്ത ഡാല് കറിയും കിട്ടി. ചുണ്ടോട് അടുപ്പിച്ചപ്പോള്‍  ഓക്കാനം വന്നു. സദാ സമയവും ആ ഗന്ധം അവിടെത്തന്നെ ചുഴ്ന്നു കിടന്നു
 കിട്ടിയ ഭക്ഷണം അതേ പടുതി വേസ്റ്റ് ബിന്നില് കൊണ്ട് തട്ടി തിരികെ നടന്നു
പിന്നെ ഒരു മരക്കഷ്ണത്തെപ്പോലെ ചാര്പ്പായില്‍  വന്നു വീണു. അടുത്ത കിടന്ന ആരോ ചിലര്‍  മനസ്സിന്റെ ഭാരം കുറക്കാനെന്നവണ്ണം ഏതോ തെറിക്കഥ പറഞ്ഞു രസിക്കുന്നു. പുറത്തെ സിമന്റ് ടാങ്കില്‍ നിന്നും ആരോ വെള്ളം കോരി കുളിക്കുന്ന ശബ്ദം കേള്‍ക്കാം ........
ലൈറ്റണഞ്ഞപ്പോളള്‍  കട്ടിലില്‍  മുഖം ചേര്ത്തു വെച്ച്  നിശബ്ദമായി തേങ്ങി. ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ഒരു രാത്രി,..... ഒരു കൂറ്റന്‍  പെരുമ്പാമ്പു പോലെ എന്നെ വിഴുങ്ങിയിരിക്കുന്നു. കെണിയിലകപ്പെട്ട ട ജീവിയുടെ നിസ്സഹായത. മുന്നിലുളളത് ഒരു ജീവിത യാതാര്ത്ഥ്യമാണ്.....അകത്തും പുറത്തും ഒരു പോലെ മുള്പ്പടര്പ്പുകള്‍ , കനല്‍ വിരിച്ച പാതകള്‍ ...അഭിമുഖീകരിച്ചേ മതിയാകൂ......ദൈവമേ ഭൂമിയിലെ പകലുകളും രാത്രികളും ഇതോടുകൂടി  അവസാനിച്ചു പോയിരുന്നെങ്കില്.................ഞാനെന്നൊരാള്‍ ജനിക്കാതിരുന്നെങ്കില്‍.................
പക്ഷേ ദൈര്ഘ്യമേറിയ കഠിനമായ പകലുകളും, ശുഷ്കിച്ച  രാത്രികളും പിറക്കാനിരിക്കുന്നതേയുളളായിരുന്നു. ഉളളില്‍   കരഞ്ഞും, സ്വയം ശപിച്ചും ട്രെയ്നിംഗിന്റെ ഭാഗമായ ദിനങ്ങള്‍ .......ഒരിക്കലും മെരുങ്ങാത്ത ഒരു  മൃഗത്തെപ്പോലെ മനസ്സ് മുരണ്ടുകൊണ്ടു നടന്ന ദിനങ്ങള്‍ ......ഏതു മെരുങ്ങാത്ത മൃഗത്തേയും മെരുക്കാനുളള തന്ത്രവുമായി ഉസ്താദന്മാരും, അവിടുത്തെ സംവിധാനങ്ങളും . ദിനങ്ങള്‍  പഴുത്ത ഇലകള്‍  പോലെ കൊഴിഞ്ഞ് അടര്ന്നു കൊണ്ടിരുന്നു.അവസാനം പ്യൂപ്പത്തോട് പൊട്ടിച്ച് പുറത്തു കടന്ന ശലഭത്തെപ്പോലെ ഡിസംബറിലെ ഇളം മഞ്ഞ് മൂടിയ ഒരു പ്രഭാതത്തില്‍  പാസ്സിംഗ് ഔട്ട് ചെയ്ത് പുറത്തു കടന്നവരുടെ കൂട്ടത്തില്‍  ഞാനുമുണ്ടായിരുന്നു. നാല് വര്ഷങ്ങള്‍ക്കു  ശേഷം ജീവിതത്തിലെ മറ്റൊരു യാദൃശ്ചികതയില്‍  ഞാനാ ജോലി ഉപേക്ഷിച്ച് പഴയ അലസ ജിവിതത്തിലേക്കു മടങ്ങിയെങ്കിലും പഴയ കാഴ്ചകള്‍  കണ്മുന്നില്‍  തന്നെ നില്ക്കുന്നു. അവിടുത്തെ ഗന്ധം എവിടെ നിന്നോ ഇരച്ചെത്തുന്നു. ശബ്ദങ്ങള്‍  പ്രതിധ്വനിക്കുന്നു
പുലര്ച്ചയുളള അലാറത്തിന്റെ നിലവിളി........നീണ്ട വിസില്‍  മുഴക്കം...... ശബ്ദത്തോടൊപ്പം ചലിക്കുന്ന വെറുമൊരു ശരീരമായി ഞാന്‍  അലഞ്ഞു നടക്കുന്നു. ആങ്കിള്‍  ബൂട്ടിലെ മുളളാണിയുടെ കിരു കിരുപ്പ് തലയോട്ടിയില്‍  വരെ അനുഭവപ്പെടുന്നു. ഡ്രില്ലിനിടയില്‍  അടിവസ്ത്രം തുടയിലുരഞ്ഞ് തൊലി പോയതിന്റെ അസഹ്യമായ നീറ്റല് അനുഭവപ്പെടുന്നു.പാകമാകാത്ത ബൂട്ടില്‍ കാലിന്റെ കുഞ്ഞുവിരല്‍ തിങ്ങി ഞെരുങ്ങിയിരുന്നു വേദനിക്കുന്നു .ചുവട്  പിഴക്കുമ്പോള്‍  ഉസ്താദിന്റെ ബലിഷ്ഠമായ കൈ ശരീരത്തില്‍  വന്നു പതിച്ചതിന്റെ   പെരുപ്പ് അനുഭവപ്പെടുന്നു. ഓരോരുത്തരുടായും രഹസ്യ ഇടപാടുകള്‍  നിരീക്ഷിക്കുന്നതിനു വേണ്ടി കടല്‍  കിഴവനെപ്പോലെയുളള കമ്പനി ഹവില്ദാര്‍  മേജര്‍  പതുങ്ങി നടക്കുന്നു. 
ശനിയാഴ്ച പുലര്ച്ചക്ളില്‍  ആദിവാസി ഊരുകളിലൂടെ,മൊട്ടക്കുന്നുകളിലെ  ചരല്‍ വിരിച്ച പാതകള്‍  ചുറ്റി , ചില കൊച്ചു കൊച്ചു തെരുവുകളിലൂടെ റോഡ് റണ്‍  ആന്ഡ് വാക്കിംഗിനു പോകുന്നു.
അല്ലാടി മൂര്‍ , രാജ്നാരായണ്‍  പൂര്‍ , പിന്നെയും പേരറിയാത്ത ഏതൊക്കയോ വിചിത്രമായ  സ്ഥലങ്ങള്‍  ..........
രാത്രികളില്‍ മൈഥന്‍ തടാകത്തിലെ തിരകള്‍ തീരത്ത് വന്നു അലയ്ക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാം  .ഞാവല്‍ വൃക്ഷങ്ങല്‍ക്കിടയിലിരുന്നു ഏതോ കിളി ചിലയ്ക്കുന്നു.ഡാമിലെ ലൈറ്റ് ഹൌസില്‍ നിന്ന്  പ്രകാശം ഓള പ്പരപ്പുകളില്‍ തട്ടി പ്രതിഫലിക്കുന്നത്  കാണാം .ജലത്തിന്റെ കയറ്റിറക്കങ്ങളില്‍  നിര്‍ത്താതെ  സ്പന്ദിച്ചു  കൊണ്ടിരിക്കുന്ന മൈഥന്‍ ജലാശയത്തിലെ ജലമാപിനികളെ...... ഈ ഓര്‍മ്മകുറിപ്പ് നിങ്ങള്‍ക്കല്ലാതെ ഞാന്‍ ആര്‍ക്കാണ്‌ സമര്‍പ്പിക്കേണ്ടത്‌



പിന്കുറിപ്പ് 
സിദാബാടിയിലെ  ട്രെയ്നിംഗ് സെന്റര്‍ ഇപ്പോള്‍ അവിടെയില്ല . അടിസ്ഥാന സൌകര്യങ്ങളുടെ കുറവ് പറഞ്ഞു അവിടെ നിന്നും ഷിഫ്ട് ചെയ്തു . ഇപ്പോള്‍ അത് ബംഗാളിലെ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്